കോഴിക്കോട്: പി.കെ.ശശി എം.എൽ.എയെക്കുറിച്ചുള്ള ചോദ്യത്തിന് പ്രകോപിതരായി ഡി.വൈ.എഫ്.ഐ നേതാക്കളായ എം.സ്വരാജും, എം.എൻ ഷംസീറും. ഡി.വൈ.എഫ്.ഐ സംസ്ഥാനസമ്മേളനത്തിനിടെ നടത്തിയ വാർത്താസമ്മേളനത്തിലാണ് സ്വരാജും ഷംസീറും പ്രകോപിതരായത്.
'നിങ്ങൾ ഞങ്ങളെ മര്യാദ പഠിപ്പിക്കണ്ട. ഭീഷണിയൊന്നും ഇവിടെ വേണ്ട. ഒരു ഭീഷണിയ്‌ക്കും വഴങ്ങുന്നവരല്ല ഞങ്ങൾ. ഒരു ഗീവ് ആന്റ് ടേക്ക് ആണ് വേണ്ടത്. നിങ്ങളുടെ അജണ്ടയൊക്കെ കൈയിൽ വച്ചാൽ മതി. മാന്യമായി ചോദിച്ചാൽ മാന്യമായി ഉത്തരം പറയും' -ഇതായിരുന്നു പ്രകോപിതരായ നേതാക്കളുടെ വാക്കുകൾ.
അതേസമയം, ഇന്നലെ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിൽ സി.പി.എമ്മിന്റെ ബി ടീമായി ഡി.വൈ.എഫ്.ഐ മാറിയെന്ന് അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ് അവതരിപ്പിച്ച സംഘടന റിപ്പോർട്ടിൽ വിമർശം ഉയർന്നു. തൻ പ്രമാണിത്തവും ധിക്കാരവും നേതാക്കൾക്ക് നല്ലതല്ല. ചിലരുടെ പൊതുജനങ്ങളോടുള്ള പെരുമാറ്റം മോശമാണെന്നും മാറിയേ തീരൂ എന്നും റിപ്പോർട്ട് വിമർശിക്കുന്നു. സി.പി.എം നേതാക്കളെ സന്തോഷിപ്പിക്കാനാണ് ചിലർ തലപ്പത്തിരിക്കുന്നതെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തി. .
സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ടിൽ ഷൊർണ്ണൂർ എം.എൽ.എ പി.കെ.ശശിക്കെതിരായ ഡി.വൈ.എഫ്.ഐ വനിത നേതാവ് നൽകിയ ലൈംഗികാരോപണത്തെകുറിച്ചുള്ള പരാമർശമില്ല. സി.പി.എമ്മിനാണ് യുവതി പരാതി നൽകിയതെന്നും ഉചിതമായ തീരുമാനമുണ്ടാകുമെന്നാണ് വിശ്വാസമെന്നുമായിരുന്നു സംസ്ഥാന സെക്രട്ടറി എം.സ്വരാജിന്റെ പ്രതികരണം.
റിപ്പോർട്ടിൻമേലുള്ള ചർച്ച ഇന്നും തുടരും. ബുധനാഴ്‌ചയാണ് ഭാരവാഹി തെരഞ്ഞെടുപ്പ്. പ്രായപരിധി കർശനമാക്കേണ്ട എന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയേററിന്റെ തീരുമാനം. ഇതോടെ 37 വയസ്സ് കഴിഞ്ഞ എ.എ.റഹീം സെക്രട്ടറിയായേക്കും. എസ്.കെ.സജീഷും, എസ്.സതീഷും, നിതിൻ കണിച്ചേരിയുമാണ് ഭാരവാഹി സ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റുള്ളവർ.