ഇണചേരാൻ ഒരു രാജ്യം, കുഞ്ഞുങ്ങളെ പ്രസവിക്കാൻ മറ്റൊരു രാജ്യം. ഇങ്ങനെ ചെയ്യുന്നത് ഗർഭവവും പ്രസവവും ആരുമറിയാതിരിക്കാനാണെന്ന് കരുതരുതെ. വെനസ്വേലയിലെ സ്ത്രീകളുടെ ദുർഗതിയാണിത്. കുഞ്ഞിന് ജന്മം നൽകാൻ നൂറുകണക്കിന് കിലോമീറ്ററുകൾ യാത്രചെയ്തു അയൽരാജ്യത്തു പോകേണ്ട അവസ്ഥയിലാണവർ. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതിനെത്തുടർന്ന് പ്രസവത്തിനും അനുബന്ധ ചികിത്സകൾക്കുമായി അയൽരാജ്യമായ ബ്രസീലിലേക്കാണ് ഏറെപ്പേരും പോകുന്നത്. പരിചരണം, മരുന്നുകൾ, പാഡുകൾ, കുട്ടികൾക്കുള്ള ഡയപ്പറുകൾ തുടങ്ങിയവയ്ക്കൊക്കെ വളരെയധികം ദൗർലഭ്യമാണ് വെനസ്വേലയിൽ നേരിടുന്നത്. കഴിഞ്ഞവർഷം ബ്രസീലിയൻ അതിർത്തിയിലെ ബോവാ വിസ്ത ആശുപത്രിയിൽ നടന്ന 566 പ്രസവങ്ങളിൽ ഭൂരിപക്ഷവും വെനസ്വേലയിൽനിന്നുള്ള അഭയാർത്ഥി അമ്മമാരുടേതാണ്. 2016 മുതലാണ് ഇത്തരത്തിൽ അനിയന്ത്രിതമായി വെനസ്വേലൻ യുവതികൾ പ്രസവത്തിനും പ്രസവരക്ഷയ്ക്കുമായി സ്വന്തംനാട് വിട്ട് ബ്രസീലിലോ മറ്റ് അയൽരാജ്യങ്ങളിലേക്കോ പലായനം നടത്താൻ തുടങ്ങിയത്. ഇതൊന്നുമല്ല പ്രശ്നം, അമ്മമാരുടെ എണ്ണം കൂടിയതോടെ ബ്രസീലിലെ ആശുപത്രികളിൽ വൻതിരക്കാണ്. വരാന്തയിൽപ്പോലും തുണിവിരിച്ചാണ് ആളുകൾ കിടക്കുന്നത്. ഇതിനൊക്കെ പുറമെയാണ് മരുന്നുക്ഷാമവും പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നതും. തങ്ങളുടെ അവസ്ഥ ലോകത്തെ ഒരു സ്ത്രീക്കും നൽകരുതെ എന്നാണ് ഈ വെനസ്വേലൻ അമ്മമാരുടെ പ്രാർത്ഥന.