കല്ലമ്പലം: ഉന്നത ബന്ധങ്ങളും രാഷ്ട്രീയ സ്വാധീനങ്ങളും തന്റെ രക്ഷയ്ക്ക് എത്തില്ലെന്ന് ഉറപ്പായതോടെയാണോ ഡിവൈ.എസ്.പി ഹരികുമാർ സ്വന്തം വീട്ടിൽ ഇന്നലെ ആത്മഹത്യ ചെയ്തത്? അതോ കുറ്റബോധം വേട്ടയാടിയതോ? ഇത്രയുംനാൾ ഒളിവിൽ കഴിഞ്ഞ ഹരികുമാർ ജീവനൊടുക്കാൻ സ്വന്തം വീടുതന്നെ തിരഞ്ഞെടുത്തതിന്റെ പ്രേരണ എന്താകാം? ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ അവശേഷിപ്പിച്ചാണ് നെയ്യാറ്റിൻകര സംഭവത്തിൽ കൊലക്കുറ്റത്തിന് പ്രതിയായ ഹരികുമാർ ജീവനൊടുക്കിയത്.
ഹരികുമാറിന്റെ മരണത്തിൽ പൊലീസിന്റെ വീഴ്ചയും പ്രകടം. തമിഴ്നാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അന്വേഷണം നടത്തുന്നുവെന്ന് പറഞ്ഞ പൊലീസ് ഹരികുമാറിന്റെ കല്ലമ്പലം വെയിലൂരിലെ 'ദേവനന്ദനം' വീടിനെ നീരക്ഷണത്തിലാക്കാൻപോലും മെനക്കെട്ടില്ല. ആ ഭാഗത്ത് പൊലീസ് പട്രോളിംഗ് ഏർപ്പെടുത്താനും തയ്യാറായില്ല. രാത്രി വീട്ടിലെത്തിയ ഹരികുമാർ ചായ്പിൽ കയറി ആത്മഹത്യ ചെയ്തു എന്നാണ് നിഗമനം. എല്ലാ കണ്ണുകളും വെട്ടിച്ച് ഹരികുമാർ അവിടെ എങ്ങനെ എത്തി എന്നത് ചോദ്യമായി അവശേഷിക്കുന്നു. കല്ലമ്പലം പൊലീസ് സ്റ്റേഷന് സമീപത്താണ് ഈ വീട്.
കൊലപാതകക്കേസിൽ ഹരികുമാർ പ്രതിയായി ഒളിവിലാകുകയും ഭാര്യയും മകനും കല്ലറയിലെ ബന്ധുവീട്ടിലേക്ക് താമസം മാറുകയും ചെയ്തതോടെ കഴിഞ്ഞ ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയായിരുന്നു ഈ വീട്. എസ്.ഐ സെലക്ഷൻ കിട്ടിയശേഷം അമ്പത് സെന്റ് സ്ഥലത്തെ പഴയ കുടുംബവീട് പുതുക്കിപണിത ഹരികുമാർ ഭാര്യയ്ക്കും മകനുമൊപ്പം ഇവിടെയായിരുന്നു താമസം.
കല്ലമ്പലത്തിന് സമീപം നെട്ടൂർ ഗ്രാമപഞ്ചായത്തിലെ വെയിലൂർ ജംഗ്ഷനിൽ നിന്ന് വെട്ടിമൺ കോണത്തേക്കുള്ള റോഡിന് അഭിമുഖമായാണ് ചുറ്റുമതിലോടുകൂടിയ കൂറ്റൻ ഇരുനില വീട്. ഭാര്യയുടെ ബന്ധുക്കളുടേതുൾപ്പെടെ പരിസരത്ത് വീടുകളുണ്ടെങ്കിലും ചുറ്റുമതിലോടുകൂടിയ വീടിന് പുറം ലോകവുമായി ബന്ധമില്ലാത്ത വിധം ഒറ്റപ്പെട്ട പ്രതീതി.
തിരുവനന്തപുരം ജില്ലയിലും പുറത്തും വർഷങ്ങളായി ജോലി ചെയ്തുവന്ന ഹരികുമാർ ആഴ്ചയിലൊരിക്കലോ അവധി ദിവസങ്ങളിലോ ആണ് ഇവിടെ എത്താറുള്ളത്. രണ്ട് വർഷം മുമ്പ് നെയ്യാറ്റിൻകര ഡിവൈ.എസ്.പിയായി ചുമതലയേറ്റശേഷം അവിടെ വീട് വാടകയ്ക്ക് എടുത്ത് താമസം ആരംഭിച്ച ഹരികുമാർ ഏറ്റവും ഒടുവിൽ കഴിഞ്ഞ മാസം അവസാനമാണ് ദേവനന്ദനത്തിൽ വന്ന് മടങ്ങിയത്.
കഴിഞ്ഞയാഴ്ച നെയ്യാറ്റിൻകര കൊടങ്ങാവിളയിലെ സുഹൃത്തായ ബിനുവിന്റെ വീട്ടിലെത്തിയ ഹരികുമാറിന്റെ കാറിന് മുന്നിൽ കാർ പാർക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ സനൽകുമാറിനെ മർദ്ദിച്ച് അതുവഴിവന്ന കാറിന് മുന്നിലേക്ക് പിടിച്ചുതള്ളി കൊലപ്പെടുത്തുകയായിരുന്നു. അതിന് ശേഷം ബിനുവിന്റെ സഹായത്തോടെ ഒളിവിൽ പോയ ഡിവൈ.എസ്.പി പിന്നീട് കഴിഞ്ഞ ദിവസം രാത്രിയാണ് വെയിലൂരിലെ വീട്ടിലെത്തിയതെന്നാണ് നിഗമനം.ഒളിവിൽ പോയശേഷം വീടുമായോ ബന്ധുക്കളുമായോ യാതൊരുവിധത്തിലുള്ള ബന്ധവും പുലർത്താതിരിക്കാൻ ജാഗ്രത പുലർത്തിയ ഹരികുമാർ തന്റെ ജാമ്യഹർജി പരിഗണിക്കാനിരിക്കെ കീഴടങ്ങുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു.
ഹരികുമാറിന്റെ ഭാര്യാ മാതാവ് കല്ലമ്പലം വെയിലൂരിലെ വീടിനോട് ചേർന്നാണ് താമസം. മകളും ചെറുമകനും കല്ലറയിലേക്ക് മാറിയശേഷം ഹരികുമാറിന്റെ വീട്ടിലുണ്ടായിരുന്ന രണ്ട് നായ്ക്കൾക്ക് ആഹാരം നൽകിയിരുന്നത് ഇവരാണ്. ഇവരുടെ വീട്ടിൽ നിന്ന് ഹരികുമാറിന്റെ വീട്ടിലേക്ക് പ്രവേശിക്കാൻ ചെറിയ ഗേറ്റുണ്ട്. ഇത് പൂട്ടിയിട്ടില്ല. ഇതുവഴിയാകാം ഹരികുമാർ കഴിഞ്ഞദിവസം രാത്രി അടഞ്ഞുകിടന്ന വീട്ടിലെത്തിയതെന്നും പറയപ്പെടുന്നു. ഇന്നലെ രാവിലെ ഭാര്യാമാതാവ് നായ്ക്കൾക്ക് ആഹാരം നൽകാനായി ഇവരുടെ വീട്ടിലെത്തുമ്പോഴാണ് വീടിന്റെ പിന്നാമ്പുറത്ത് അടച്ചുപൂട്ടില്ലാത്ത വിറക് പുരയുടെ മേൽക്കൂരയിൽ ഉടുതുണിയിൽ ജീവനൊടുക്കിയ നിലയിൽ ഹരികുമാറിന്റെ മൃതദേഹം കണ്ടത്. അവർ തൊട്ടടുത്തുള്ള മറ്റൊരു മകളുടെയും മകന്റെയും വീട്ടിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് നാട്ടുകാരും പൊലീസും സ്ഥലത്തെത്തിയത്.
ഒളിവിൽ കഴിഞ്ഞ പൊലീസ് ഉദ്യോഗസ്ഥൻ എല്ലാവരുടേയും കണ്ണുവെട്ടിച്ച് വീട്ടിലെത്തി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസിന്റെ വീഴ്ചയ്ക്കെതിരെ ആക്ഷേപം ശക്തമാണ്. വരുംദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇതിന് ഉത്തരം പറയേണ്ടിവന്നേക്കാം.