pregnancy

ത്രിച്ചി: ഗർഭിണിയാണോയെന്നറിയാനായി പരിശോധനയ്ക്ക് എത്തിയ സ്ത്രീയോട് കുടുംബാസൂത്രണം വേണമെന്ന് പറഞ്ഞതേ ആ ഡോക്ടർക്ക് ഓർമ്മയുള്ളൂ. പിന്നെ, അവരെ അദ്ദേഹം കണ്ടിട്ടില്ല. പത്താംതവണ ഗർഭിണിയായ സ്ത്രീയോടാണ് ഡോക്ടർ കുടുംബാസൂത്രണത്തെക്കുറിച്ച് പറഞ്ഞത്. 52 കാരിയായ ആരയിയാണ് നിന്നനിൽപ്പിൽ അപ്രത്യക്ഷയായത്. അരന്തിഗയ്ക്ക് അടുത്തുള്ള വെത്തിയൻഗുഡിയിലാണ് സംഭവം. ഒമ്പതുമക്കളുടെ അമ്മയായ ആരയി താൻ പത്താമതും ഗർഭിണിയാണെന്ന കാര്യം അറിഞ്ഞിരുന്നില്ല. ഒമ്പതാമത്ത കുട്ടിയുണ്ടായി 13 വർഷങ്ങൾക്കുശേഷമാണ് ഇവർ വീണ്ടും ഗർഭിണിയാകുന്നത്. പരിശോധനയ്ക്കെത്തിയ ആരയിയോട് അവർ ഗർഭണിയാണെന്നും പ്രസവത്തിനായി ഉടൻതന്നെ അഡമിറ്റ് ആകണമെന്നും ജനനനിയന്ത്രണമാർഗങ്ങൾ സ്വീകരിക്കണമെന്നും ഡോക്ടർ പറഞ്ഞു. ഇതിൽ ഭയന്നാകാം ഇവർ ആശുപത്രിവിട്ടുപോയതെന്നാണ് കരുതപ്പെടുന്നത്. ആരയിയുടെ ഒമ്പതു പ്രസവങ്ങളും വീട്ടിൽത്തന്നെയായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. ഒമ്പതുപേരിൽ നാലുപേർ വിവാഹിതരാണ്.