galexi

വാഷിംഗ്ടൺ: ബഹിരാകാശത്ത് കണ്ടെത്തിയ സ്‌മൈലിയായിരുന്നു കഴിഞ്ഞ കുറച്ചുദിവസങ്ങളായി ശാസ്ത്രലോകത്തിലെ ചർച്ച. ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ ഹബ്ബിൾ ദൂരദർശിനിയാണ് പ്രസന്നമുഖവുമായി നിൽക്കുന്ന ക്ലസ്റ്റർ ഗാലക്സിയെ കണ്ടെത്തിയത്. ഗാലക്സികളാൽ നിറഞ്ഞുനിൽക്കുന്ന ബഹിരാകാശത്തിന്റെ ദൃശ്യമാണിത്.


ഒടുവിൽ നാസ തന്നെ ഈ സ്‌മൈലിയുടെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്. മുഖത്തിൽ കണ്ണുകളായുള്ളത് യഥാർത്ഥത്തിൽ രണ്ടു ഗാലക്സികൾ തന്നെയാണ്. എന്നാൽ, വായയായി കാണപ്പെട്ടത് ഗ്രാവിറ്റേഷണൽ ലെൻസിംഗ് എന്ന പ്രതിഭാസത്തിന്റെ ഉത്തമ ഉദാഹരണവും.

അതായത്, ഒരു വസ്തുവിൽനിന്നുള്ള പ്രകാശം ദൂരദർശിനിയിലേക്കെത്താൻ ഏറെ ദൂരം സഞ്ചരിക്കണം. ഈ സഞ്ചാരത്തിനിടെ പ്രകാശം മറ്റൊരു വലിയ വസ്തുവിനടുത്തുകൂടി സഞ്ചരിക്കുന്നു. ഇതിന്റെ ഫലമായി പ്രകാശം വഴിമാറി സഞ്ചരിക്കുകയും അത് വൃത്താകൃതിയിൽ കാണപ്പെടുകയും ചെയ്യും. ഇതാണ് സ്‌മൈലി മുഖത്തിലെ വായയായി കാണപ്പെട്ടത്.ദൂരെയുള്ള ഗാലക്സികളെ നിരീക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വൈഡ് ഫീൽഡ് കാമറയാണ് ഈ അപൂർവ ആകാശ സ്‌മൈലി പകർത്തിയെടുത്തത്.