gujarat-riot-modi

ന്യൂഡൽഹി: 2002ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് രാഷ്ട്രീയ നേതാക്കൾക്കും ക്ലീൻ ചിറ്റ് നൽകിയതിനെതിരെ സമർപ്പിച്ച ഹർജി തിങ്കളാഴ്‌ച സുപ്രീം കോടതി പരിഗണിക്കും. കലാപത്തിൽ കൊല്ലപ്പെട്ട മുൻകോൺഗ്രസ് എം.പി ഇഹ്സാൻ ജഫ്രിയുടെ വിധവ സാക്കിയ ജഫ്രി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ തീരുമാനം. കലാപക്കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘമാണ് മോദിയെയും മറ്റുള്ളവരെയും കുറ്റവിമുക്തരാക്കിയത്. ഈ തീരുമാനം പിൻവലിക്കണമെന്നും കലാപത്തിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി നേരത്തെ ഗുജറാത്ത് ഹൈക്കോടതിയും തള്ളിയിരുന്നു.

കർസേവകർ സഞ്ചരിച്ചിരുന്ന സബർമതി എക്‌സ്പ്രസ് ഗോധ്ര സ്‌റ്റേഷനിൽ വച്ച് തീയിട്ടതിന് പിന്നാലെ നടന്ന കലാപത്തിൽ നിരവധി പേർ കൊല്ലപ്പെട്ട സംഭവത്തിൽ മോദിയും മറ്റ് രാഷ്ട്രീയ പ്രവ‌ർത്തകരും കുറ്റക്കാരല്ലെന്ന് 2012ൽ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് സുപ്രീം കോടതി വിശദമായി പരിശോധിച്ചു. കലാപം നടക്കുമ്പോൾ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പ്രക്ഷോഭകാരികളെ നിയന്ത്രിക്കുന്ന കാര്യത്തിൽ വീഴ്‌ച വരുത്തിയെന്നാണ് ഹർജിക്കാരുടെ ആരോപണം.2002 ഫെബ്രുവരിയിൽ ഗുൽബർഗ് സൊസൈറ്റിയിൽ നടന്ന കൂട്ടക്കൊലയിൽ ഇഹ്സാൻ ജഫ്രി ഉൾപ്പെടെ 29 പേർക്ക് ജീവൻ നഷ്‌ടമായെന്നാണ് കണക്ക്.