ന്യൂഡൽഹി: സമൂഹമാദ്ധ്യമങ്ങളിൽ വ്യക്തികൾക്ക് നേരെയുണ്ടാകുന്ന സൈബർ ആക്രമണങ്ങളെച്ചൊല്ലി എവിടെയും ചർച്ചകൾ നടക്കുന്ന കാലമാണല്ലോ. അപ്പോൾ നമ്മുടെ രാജ്യത്തിനുനേർക്കുണ്ടാകുന്ന ആക്രമണങ്ങളുടെ കണക്കെടുത്താലോ? ഇന്ത്യ ഈ വർഷം നേരിട്ട സൈബർ ആക്രമണങ്ങളുടെ എണ്ണം 4.3 ലക്ഷം വരുമെന്നാണ് റിപ്പോർട്ടുകൾ.
ചൈന, റഷ്യ, യു.എസ്, നെതർലാൻഡ്സ്, ജർമനി എന്നീ അഞ്ചു രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യയെ ലക്ഷ്യമാക്കിയുള്ള സൈബർ ആയുധങ്ങൾ. ഈ അഞ്ചുരാജ്യങ്ങളിൽ നിന്നുമാത്രമായി ഇന്ത്യയ്ക്ക് നേരെ ഉണ്ടായത് 436,090 സൈബർ ആക്രമണങ്ങളാണ്. ഇതിൽത്തന്നെ റഷ്യയിൽ നിന്നാണ് ഇന്ത്യയിലേക്ക് ഏറ്റവുമധികം സൈബർ ആക്രമണങ്ങളുണ്ടായത്. 255,589 തവണ. രണ്ടാം സ്ഥാനം യു.എസിനാണ്( 103,458). ചൈന (42,544), നെതർലാൻഡ്സ്( 19,169) ജർമനി ( 15,330) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിൽ നിന്നുണ്ടായ ആക്രമണങ്ങളുടെ കണക്ക്. അതേസമയം തിരിച്ചുമുണ്ട്, ഇത്തരം ആക്രമണങ്ങൾ. ഇന്ത്യയിൽ നിന്നുള്ള ഹാക്കർമാർ ഏറ്റവുമധികം ആക്രമിച്ചത് ഓസ്ട്രിയ, നെതർലാൻഡ്സ്, യു.കെ, ജപ്പാൻ, ഉക്രൈൻ എന്നീ രാജ്യങ്ങളെയാണത്രെ. 36,563 ആക്രമണങ്ങളാണ് ഇന്ത്യ ഇവർക്കുനേരെ നടത്തിയിട്ടുള്ളത്.