ന്യൂഡൽഹി:ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിധിക്കെതിരെ സമർപ്പിച്ച പുനപരിശോധന ഹർജികൾ ജനുവരി 22ന് തുറന്ന കോടതിയിൽ കേൾക്കും.എന്നാൽ യുവതികളെ പ്രവേശിപ്പിക്കാൻ ഒക്‌ടോബറിൽ പുറപ്പെടുവിച്ച ഉത്തരവിന് സ്‌റ്റേയില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ സമർപ്പിക്കപ്പെട്ട റിട്ട് ഹർജികളും ജനുവരി 22ന് പരിഗണിക്കും.
വിധി പറഞ്ഞ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാൽ നിലവിലെ ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ചേംബറിൽ ഹർജി പരിശോധിച്ചത്. അനുകൂല വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചിലെ ജസ്‌റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ്, വിയോജന വിധിയെഴുതിയ ജസ്റ്റിസ് ഇന്ദുമൽഹോത്ര എന്നിവരും ബെഞ്ചിൽ അംഗമായിരുന്നു.