പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലുള്ള മാംസപേശികൾ, ഗ്രന്ഥികോശങ്ങൾ, മറ്റ് കോശങ്ങൾ ഇവയുടെ വളർച്ച കാരണമാണ് പ്രോസ്റ്റേറ്റ് വീക്കം അഥവാ ആജഒ ഉണ്ടാകുന്നത്. പ്രോസ്റ്റേറ്റ് വീക്കം മൂലം മൂത്രതടസമുണ്ടാകുന്നു. ഇത്തരത്തിലുള്ള മൂത്രതടസം പ്രായം കൂടുന്നതിനനുസരിച്ച് കൂടുന്നു. 45നും 80നും ഇടയ്ക്ക് പ്രായമുള്ള പുരുഷന്മാരിൽ 90 ശതമാനത്തിനും പ്രോസ്റ്റേറ്റ് വീക്കം മൂലമുള്ള മൂത്രതടസമുണ്ടാകുന്നു. പ്രോസ്റ്റേറ്റ് വീക്കവും ലൈംഗികശേഷിക്കുറവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പ്രോസ്റ്റേറ്റ് വീക്കത്തിന്റെ സർജിക്കൽ ചികിത്സയുടെ പാർശ്വഫലമായി സ്ഖലനത്തിനുള്ള തകരാറ്, ലൈംഗികശേഷിക്കുറവ് മുതലായവ ഉണ്ടാകാം.
രോഗിയുടെ സമ്പൂർണമായ രോഗചരിത്രം ചോദിച്ചു മനസിലാക്കണം. മൂത്ര പരിശോധന അനുബന്ധമായ മൂത്രരോഗാണുബാധ ഉണ്ടോയെന്നു മനസിലാവാൻ സഹായകരമാണ്. അൾട്രാസൗണ്ട് സ്‌കാൻ പരിശോധന വഴി മൂത്രസഞ്ചിയിൽ കെട്ടിനിൽക്കുന്ന മൂത്രത്തിന്റെ അളവ് പരിശോധിക്കുന്നത് രോഗത്തിന്റെതീവ്രത മനസിലാക്കാൻ സഹായിക്കും. ഇത് കൂടിവരികയാണെങ്കിൽ സർജിക്കൽ ചികിത്സ വേണ്ടിവരും.യൂറോഫ്‌ളോമെറ്റ്രി മൂത്രതടസത്തിന്റെ തീവ്രത മനസിലാക്കാനുള്ള മറ്റൊരു ഉപാധിയാണ്. മൂത്രതടസം മൂലം കത്തീറ്റർ വേണ്ടിവരുന്ന രോഗികളുടെ മൂത്രസഞ്ചിക്ക് സങ്കോചശക്തി കുറവായിരിക്കും. ഇത്തരം രോഗികൾക്ക് യൂറോഡയ്നാമിക്പരിശോധന രോഗനിർണയത്തിന് സഹായകരമാണ്. പ്രോസ്റ്റേറ്റ് വീക്കത്തിന്റെ അളവ് അൾട്രാസൗണ്ട് സ്‌കാൻ വഴി അറിയുന്നത് ഏതുതരം സർജിക്കൽ ചികിത്സയാണ് വേണ്ടതെന്നു തീരുമാനിക്കാൻ സഹായകരമാണ്.
ഡോ. എൻ. ഗോപകുമാർ
കൺസൾട്ടന്റ് യൂറോളജിസ്റ്റ്
'യൂറോ കെയർ' ഓൾഡ് പോസ്റ്റോഫീസ് ലെയ്ൻ,
ചെമ്പകശേരി ജംഗ്ഷൻ,
പടിഞ്ഞാറേ കോട്ട,
തിരുവനന്തപുരം
ഫോൺ: 94470 57297