ന്യൂഡൽഹി: റിസർവ് ബാങ്കിന്റെ സ്വയംഭരണാവകാശത്തിൽ കൈകടത്താനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങൾ രണ്ടാം നോട്ട് നിരോധനത്തിന്റെ മുന്നോടിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിൽ നിന്നും 3.6 ലക്ഷം കോടി രൂപ ആവശ്യപ്പെട്ടത് ഇതിന്റെ തെളിവാണ്. രാജ്യത്തിന്റെ പൊതുസ്വത്ത് പിടിച്ചെടുത്ത് തന്റെ സുഹൃത്തുക്കൾക്ക് വിതരണം ചെയ്യാനുള്ള നീക്കമാണ് മോദി നടത്തുന്നതെന്നും കോൺഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വി ആരോപിച്ചു.
മധുരം നിറച്ച നുണകൾ പ്രചരിപ്പിച്ച് റിസർവ് ബാങ്ക് പോലുള്ള സ്ഥാപനങ്ങളെ തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. രാജ്യത്തിന്റെ പൊതുസ്വത്ത് സൂക്ഷിക്കുന്ന ആർ.ബി.ഐയിൽ കടന്ന് കയറി സ്വത്തുക്കൾ തന്റെ വ്യവസായികളായ സുഹൃത്തുക്കൾക്ക് നൽകാനാണ് സർക്കാർ ശ്രമം. ആർ.ബി.ഐയുടെ സ്വയം ഭരണ അവകാശത്തിൽ വരെ കത്തി വയ്‌ക്കുന്ന മോദിയും കൂട്ടരും രണ്ടാം നോട്ടുനിരോധനം നടത്താനാണ് ശ്രമിക്കുന്നത്. ഇന്ത്യയുടെ ജി.ഡി.പിയുടെ രണ്ട് ശതമാനത്തിന് തുല്യമായ തുകയാണ് ആർ.ബി.ഐയിൽ നിന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും തോൽക്കുമെന്ന് ഭയന്ന് തിരഞ്ഞെടുപ്പിന് മുമ്പ് ജാലവിദ്യ കാട്ടാനാണ് ഇത്രയും തുക കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് നേടിയ നികുതിപ്പണം എവിടെയാണെന്നും സിംഗ്‌വി ചോദിച്ചു.