തിരുവനന്തപുരം : മെഡിക്കൽ കോളേജ് മോർച്ചറിയിലെ ചുവരിൽ പതിച്ചിരിക്കുന്ന ചിത്രങ്ങളാണിവ. ഉറ്റവരും, വേണ്ടപ്പെട്ടവരും മരണത്തിന്റെ തിരശ്ശീലയ്ക്ക് പിന്നിലേക്ക് മറയുമ്പോൾ വേദനയോടെ സുഹൃത്തുക്കൾ പതിച്ചതാണ് ഈ പോസ്റ്ററുകൾ. ഈ ചിത്രങ്ങളിൽ സൂക്ഷിച്ച് നോക്കിയാലറിയാം കൂടുതലും യുവാക്കളുടെ ചിത്രങ്ങളാണ്, അതിൽ വാഹനാപകടങ്ങളിൽ മരണപ്പെട്ടവരുടേതാണ് കൂടുതലും. മുപ്പത് വയസ് കഴിയുന്നതിന് മുൻപേ ജീവിതത്തിന്റെ പകുതി പോലും ഈ ഭൂമിയിൽ ജീവിക്കാനാവാതെ വിട വാങ്ങിയവരാണ് ഇവർ. ഇതിൽ പലരും മാതാപിതാക്കളോട് വഴക്കിട്ട് ഇരുചക്ര വാഹനങ്ങൾ സ്വന്തമാക്കിയവരാവാം, നാട്ടിനും വീട്ടിനും ഇല്ലാതെ പോയ ആ ചെറുപ്പക്കാരുടെ മാതാപിതാക്കന്മാരുടെ ഇന്നത്തെ അവസ്ഥ ചിന്തിക്കാൻ പോലും കഴിയുന്നതല്ല. ചെറു പ്രായത്തിൽ മക്കൾക്ക് ഇരുചക്ര വാഹനങ്ങൾ വാങ്ങി സമ്മാനിക്കുന്ന മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക് എന്ന തലക്കെട്ടിൽ സോഷ്യൽ മീഡിയയിൽ ഈ ചിത്രം പ്രചരിക്കുകയാണ്.