priyamani

വിവാഹത്തിന് ശേഷം പ്രിയാമണി തെലുങ്ക് ചിത്രത്തിലേക്കെത്തുന്നു എന്നതാണ് പുതിയ വാർത്ത. വിവാഹത്തിന് ശേഷമുള്ള ആദ്യ തെലുങ്ക് ചിത്രത്തിൽ നായികയായി എത്തുകയാണ് പ്രിയ. 'സിരിവെണ്ണില' എന്ന ഹൊറർ ചിത്രത്തിലാണ് താരം നായികയാവുന്നത്. അമാനുഷിക കാര്യങ്ങളെ കുറിച്ച് പഠിക്കുന്ന ഒരു ഗവേഷണ വിദ്യാർത്ഥിയുടെ വേഷമാണ് താരത്തിന്റേത്. അപ്രതീക്ഷിതമായി ജീവിത്തിലേക്ക് കടന്നുവരുന്ന അമാനുഷിക സംഭവങ്ങൾ ജീവിതം മാറ്റിമറിക്കുകയും അതിനെ അതിജീവിക്കുകയും ചെയ്യുന്നതാണ് കഥാസാരം- പ്രിയാമണി പറയുന്നു.

രണ്ട് വർഷം മുൻപ് പ്രകാശ്‌രാജ് ചിത്രമായ 'മന ഊരി രാമായണം' എന്ന ചിത്രത്തിലായിരുന്നു പ്രിയാമണി അവസാനമായി അഭിനയിച്ചത്. മുസ്തഫാ രാജുമായുള്ള വിവാഹത്തിന് ശേഷം താരം ടോളിവുഡിലേക്ക് വരുന്ന ആദ്യ ചിത്രമാണിത്. വിവാഹ ശേഷം സിനിമയിൽ കൂടുതൽ സജീവമാകാനാണ് താരത്തിന്റെ തീരുമാനം. തെലുങ്ക് ചിത്രങ്ങളെ വളെരയധികം മിസ്സ് ചെയ്യുന്നെന്ന് താരം പറഞ്ഞു. പ്രിയാമണിയെ കൂടാതെ സായി തേജസ്വിനി,​ പ്രഭാകർ,​ അജയ് രത്നം എന്നിവരും ചിത്രത്തിലുണ്ടാകും. പ്രകാശ് പുലിജലയാണ് 'സിരിവെണ്ണില' സംവിധാനം ചെയ്യുന്നത്. നിലവിൽ പ്രിയാമണി ഒരു മലയാള ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. കന്നടയിൽ താരത്തിന്റേതായി ഒരു ചിത്രം ഉടൻ പുറത്തിറങ്ങും.