പത്തനംതിട്ട: 'ഇത് അയ്യപ്പന്റെ അനുഗ്രഹം, മഹാസത്യത്തിന് മുന്നിൽ പ്രണമിക്കുന്നു'- ശബരിമല യുവതീപ്രവേശനം സംബന്ധിച്ച വിധി അറിഞ്ഞ ശേഷം തന്ത്രി കണ്‌ഠരര് രാജീവരരുടെ പ്രതികരണം ഇപ്രകാരമായിരുന്നു. 'സ്വാമി ശരണം അയ്യപ്പൻ അനുഗ്രഹിച്ചുവെന്ന് പറയാം. എല്ലാവരുടെയും പ്രാർത്ഥനയുടെ ഫലം. ഇത്രയും പ്രതിസന്ധി ഘട്ടം മുൻപ് ഉണ്ടായിട്ടില്ല. തത്‌കാലം അയ്യപ്പൻ ഞങ്ങളെ പരിരക്ഷിച്ചു. എല്ലാം ഭംഗിയായി വരുമെന്ന് വിശ്വസിക്കുന്നു. ആ മഹാസത്യത്തിന് മുന്നിൽ ഞാൻ പ്രണമിക്കുകയാണ്. ഓരോ ഭക്തരോടും നന്ദി അറിയിക്കുന്നു -കണ്‌ഠരര് രാജീവര് പറഞ്ഞു.
ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിധിക്കെതിരെ സമർപ്പിച്ച പുന:പരിശോധന ഹർജികൾ ജനുവരി 22ന് തുറന്ന കോടതിയിൽ കേൾക്കുമെന്നാണ് കോടതി വിധി.എന്നാൽ യുവതികളെ പ്രവേശിപ്പിക്കാൻ ഒക്‌ടോബറിൽ പുറപ്പെടുവിച്ച ഉത്തരവിന് സ്‌റ്റേയില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ സമർപ്പിക്കപ്പെട്ട റിട്ട് ഹർജികളും ജനുവരി 22ന് പരിഗണിക്കും.
വിധി പറഞ്ഞ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാൽ നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ചേംബറിൽ ഹർജി പരിശോധിച്ചത്. അനുകൂല വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ്, വിയോജന വിധിയെഴുതിയ ജസ്റ്റിസ് ഇന്ദുമൽഹോത്ര എന്നിവരും ബെഞ്ചിൽ അംഗമായിരുന്നു.