ramesh-chennithala

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച വിധിയിന്മേലുള്ള പുന:പരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനം സ്വാഗതാർഹമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഈ തീരുമാനത്തിന്റെ വെളിച്ചത്തിൽ സ്ത്രീ പ്രവേശനം നടപ്പാക്കുമെന്ന പിടിവാശി മണ്ഡലം മകരവിളക്ക് കാലത്ത് സംസ്ഥാനസർക്കാർ ഉപേക്ഷിക്കണം. വിധി സ്റ്റേ ചെയ്തിട്ടില്ലെന്നതിന്റെ സാങ്കേതികത്വത്തിൽ സർക്കാർ കടിച്ചു തൂങ്ങരുത്. ശബരിമലയിലും നാട്ടിലും സംഘർഷം ഒഴിവാക്കാനുള്ള പക്വമായ തീരുമാനം സർക്കാർ കൈക്കൊള്ളണം.

സുപ്രീംകോടതി വീണ്ടും വാദം കേൾക്കാനെടുത്ത തീരുമാനം ഭക്തജനങ്ങളുടെ വിജയമാണ്. ഇത് ഭക്തജനങ്ങൾക്ക് പുതിയ പ്രത്യാശ നൽകുന്നു. രാഷ്ട്രീയ കക്ഷികളിൽ കോൺഗ്രസ് മാത്രമാണ് റിവ്യൂ പെറ്റീഷൻ നൽകിയത്. കോൺഗ്രസിന്റെ പ്രയാർഗോപാലകൃഷ്ണനാണ് ഹർജി നൽകിയത്. ബി.ജെ.പിയും മറ്റും റിവ്യുഹർജി പോലും നൽകാതെ കള്ളക്കളി കളിക്കുകയായിരുന്നു.

സർക്കാരിനും ദേവസ്വംബോർഡിനും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഇനിയെങ്കിലും സർക്കാർ ജനഹിതം മാനിച്ച് വിശ്വാസങ്ങൾ കാത്തു സൂക്ഷിക്കുന്നതിനുള്ള നിലപാട് സ്വീകരിക്കണം. പമ്പയിലും മറ്റും മണ്ഡലകാലത്തിനോടനുബന്ധിച്ച് പൂർത്തിയാക്കേണ്ട ഒരുക്കങ്ങളൊന്നും നടത്തിയിട്ടില്ല. ഈ അവസ്ഥയിൽ യുവതികളെക്കൂടി പ്രവേശിപ്പിക്കുമെന്ന് വാശിപിടിച്ച് പ്രശ്നം സങ്കീർണ്ണമാക്കരുതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.