k-sudhakaran

തിരുവനന്തപുരം: സുപ്രീം കോടതിയോട് അൽപമെങ്കിലും ബഹുമാനമുണ്ടെങ്കിൽ സർക്കാർ ജനുവരി 22 വരെ കാത്തിരിക്കണമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ ആവശ്യപ്പെട്ടു. ശബരിമലയിൽ മണ്ഡലകാലത്ത് എത്തുന്ന യുവതികൾക്ക് സർക്കാർ സുരക്ഷയൊരുക്കിയാൽ പ്രതിഷേധിക്കും. ഭക്തജനങ്ങൾ അതിനെതിരെ നിൽക്കും. നേരത്തെ സംഭവിച്ചതൊക്കെ വീണ്ടും ആവർത്തിക്കും. യുവതികളെ തടയാൻ യുക്തമായ സമരമുറ സ്വീകരിക്കും. അത് മുൻകൂട്ടി പറയാൻ സാധിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ശബരിമലയിൽ അനുകൂല വിധിയുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. വീണ്ടും വാദം കേൾക്കാനുള്ള തീരുമാനം പ്രത്യാശ നൽകുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു.

ശബരിമലയിൽ പ്രതിഷേധം സംഘടിപ്പിക്കും. ജനുവരി 22 വരെ പ്രതിഷേധ പരിപാടുകളുമായി മുന്നോട്ടുപോകും. ജനങ്ങളുടെ വികാരം സുപ്രീം കോടതിക്ക് മനസിലാകേണ്ടതുണ്ട്. ഒരു വിധി പ്രഖ്യാപിക്കുമ്പോൾ അത് സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഒരു കോടതി മനസിലാക്കേണ്ടതുണ്ട്. അഞ്ച് ദിവസത്തേക്ക് നട തുറന്നപ്പോൾ ശബരിമലയെത്തിയവർക്ക് സുരക്ഷയൊരുക്കാനും സംഘർഷം നിയന്ത്രിക്കാനും സാധിക്കാത്ത സർക്കാരാണോ ഇനിയും സുരക്ഷയുടെ കാര്യം പറയുന്നതെന്നും സുധാകരൻ പരിഹസിച്ചു. തുലാമാസ പൂജ സമയത്തും ചിത്തിര ആട്ടവിശേഷ സമയത്തും ശബരിമല നിയന്ത്രിച്ചത് ആർ.എസ്.എസാണെന്നും അദ്ദേഹം പറഞ്ഞു.