
ചങ്ങനാശേരി: ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച വിധിയിന്മേലുള്ള പുന:പരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കാനുള്ള സുപ്രീം കോടതിയുടെ തീരുമാനത്തിൽ പ്രതികരിച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ രംഗത്ത്. നാടിന്റെ സമാധാനത്തെ കരുതി ശബരിമലയിലെ ആചാരങ്ങൾക്ക് കോട്ടം തട്ടാതെയുള്ള വിവേകപൂർവമായ തീരുമാനം സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും എടുക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് സുകുമാരന നായർ പറഞ്ഞു. വിധി പുറത്ത് വന്ന ശേഷം മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.
അതേസമയം, ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിധിക്കെതിരെ സമർപ്പിച്ച പുനപരിശോധന ഹർജികൾ ജനുവരി 22ന് തുറന്ന കോടതിയിൽ കേൾക്കും.എന്നാൽ യുവതികളെ പ്രവേശിപ്പിക്കാൻ ഒക്‌ടോബറിൽ പുറപ്പെടുവിച്ച ഉത്തരവിന് സ്‌റ്റേയില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ സമർപ്പിക്കപ്പെട്ട റിട്ട് ഹർജികളും ജനുവരി 22ന് പരിഗണിക്കും.
വിധി പറഞ്ഞ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാൽ നിലവിലെ ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ചേംബറിൽ ഹർജി പരിശോധിച്ചത്. അനുകൂല വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചിലെ ജസ്‌റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ്, വിയോജന വിധിയെഴുതിയ ജസ്റ്റിസ് ഇന്ദുമൽഹോത്ര എന്നിവരും ബെഞ്ചിൽ അംഗമായിരുന്നു.