ന്യൂഡൽഹി∙ ശബരിമല സന്ദർശനത്തിൽനിന്ന് പിന്നോട്ടില്ലെന്ന് വനിതാവകാശ പ്രവർത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി അറിയിച്ചു. മണ്ഡലകാലത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ ദർശനത്തിനായി എത്തും. നവംബർ 16നും 20നും ഇടയ്ക്കുള്ള ദിവസങ്ങളിലായിരിക്കും എത്തുക. കൃത്യമായ തീയതി നാളെ പ്രഖ്യാപിക്കുമെന്നും തൃപ്തി ദേശായി പറഞ്ഞു.
ശബരിമലയിൽ യുവതീപ്രവേശം ആകാമെന്ന സുപ്രിം കോടതി വിധി സ്വാഗതം ചെയ്ത തൃപ്തി ശബരിമലയിൽ സന്ദർശനം നടത്തുമെന്നു നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സന്ദർശന തീയതി പ്രഖ്യാപിച്ചിരുന്നില്ല. സ്ത്രീ പ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദർഗ, ത്രൈയംബകേശ്വർ ക്ഷേത്രം, ശനി ശിംഘനാപൂർ ക്ഷേത്രം എന്നിവിടങ്ങളിൽ സ്ത്രീകളോടൊപ്പം ഇവർ പ്രവേശിച്ചിരുന്നു.