കൽപ്പറ്റ : മാവോയിസത്തെ പരസ്യമായി എതിർത്ത വീട്ടമ്മയ്ക്ക് നേരെ മാവോയിസ്റ്റുകളുടെ വധഭീഷണി. വൈത്തിരി പഞ്ചായത്തിലെ സുഗന്ധഗിരി ചെന്നായ കവലയിൽ സുനിലിന്റെ ഭാര്യ സിന്ധുവിന് (26) നേരെ കഴിഞ്ഞ ദിവസം ആയുധധാരികളായ ഒരുസംഘം തുരുതുരാ ഇഷ്ടിക എറിഞ്ഞിരുന്നു. ആക്രമണത്തിന് പിന്നിൽ മാവോയിസ്റ്റുകളാണെന്നാണ് പൊലീസ് പറയുന്നത്. മാവോയിസ്റ്റുകളെ നിരന്തരം ചെറുത്ത് നിൽക്കുന്നതിന്റെ പേരിൽ സിന്ധുവിന് വധഭീഷണിയുണ്ട്.
ആദിവാസികൾ വസിക്കുന്ന ഇൗ പ്രദേശത്ത് മാവോയിസ്റ്റുകൾ ഇടയ്ക്കിടെ എത്തി ഭക്ഷണ സാധനങ്ങൾ ചോദിക്കാറുണ്ട്. കഴിഞ്ഞ ഞായറാഴ്ച രാവിലെ 11മണിയോടെ ആയുധധാരികളായ നാലംഗ സംഘം കോളനിയിലെത്തി അരിയും ഭക്ഷണ സാധനങ്ങളും ആവശ്യപ്പെട്ടു. സിന്ധു തരില്ലെന്ന് പറഞ്ഞതോടെ സംഘാംഗങ്ങൾ ബഹളമുണ്ടാക്കി. ഇതിനിടെ രക്തസമ്മർദ്ധം ഉയർന്ന് സിന്ധുവിന് ബോധക്ഷയമുണ്ടായി. ഇവരെ വൈത്തിരി ആശുപത്രിയിൽ പ്രവേശിച്ചു. തിങ്കളാഴ്ച വീട്ടിലെത്തിയ സിന്ധുവിനെ, രാത്രി ആയുധധാരികളായ ഒരുസംഘം ആളുകളെത്തി ഇഷ്ടിക കൊണ്ട് എറിയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
കോളനിയോട് ചേർന്നുള്ള കൊടും വനത്തിൽ മാവോയിസ്റ്റുകളുടെ ഒളിത്താവളമുണ്ടെന്നാണ് വിവരം.കൽപ്പറ്റ ഡിവൈ.എസ്.പി പ്രിൻസ് എബ്രഹാമിന്റെ നേതൃത്വത്തിൻ വൻ പാെലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വനമേഖലയിൽ പരിശോധന നടത്തിയെങ്കിലും യാതൊരു തെളിവും ലഭിച്ചില്ല. ഉണ്ണിമായയുടെ നേതൃത്വത്തിലുളള മാവോയിസ്റ്റ് സംഘമാണ് കഴിഞ്ഞ ദിവസം ഇവിടെ എത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇതിന് മുമ്പ് ഇൗ കോളനിയിൽ വിക്രംഗൗഡ, സോമൻ, മൊയ്തു എന്നിവരുടെ നേതൃത്വത്തിലുളള സംഘവും എത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സിന്ധുവിന്റെ വീടും പരസരവും പൊലീസ് നിരീക്ഷണത്തിലാണ്.