ന്യൂഡൽഹി: കേന്ദ്രസർക്കാരിനും ബിസിനസ് ലോകത്തിനും ആശങ്ക സമ്മാനിച്ച് വ്യാവസായിക ഉത്‌പാദന വളർച്ച (ഐ.ഐ.പി) സെപ്‌തംബറിൽ 4.5 ശതമാനമായി താഴ്‌ന്നു. 2017 സെപ്‌തംബറിൽ 4.7 ശതമാനമായിരുന്നു വളർച്ച. കഴിഞ്ഞ ആഗസ്‌റ്രിലെ വളർച്ച 4.3 ശതമാനത്തിൽ നിന്ന് 4.7 ശതമാനമായി പുനർനിർണയിച്ചിട്ടുണ്ട്. ഐ.ഐ.പിയിൽ 78 ശതമാനം പങ്കുവഹിക്കുന്ന മാനുഫാക്‌ചറിംഗ് മേഖലയുടെ വളർച്ച 5.1 ശതമാനത്തിൽ നിന്ന് 4.6 ശതമാനത്തിലേക്ക് തളർന്നതാണ് സെപ്‌തംബറിൽ തിരിച്ചടിയായത്.
ഖനന മേഖലയുടെ വളർച്ച ആഗസ്‌റ്രിലെ നെഗറ്റീവ് 0.5 ശതമാനത്തിൽ നിന്ന് 0.2 ശതമാനത്തിലേക്ക് മാത്രം ഒതുങ്ങിയതും ക്ഷീണമായി. വൈദ്യുതി (8.2 ശതമാനം), അടിസ്ഥാനസൗകര്യം (9.5 ശതമാനം), സിമന്റ് (7.9 ശതമാനം) എന്നിവ മികച്ച വളർച്ച നേടിയെങ്കിലും ഐ.ഐ.പിയുടെ ഇടിവിനെ തടുക്കാനായില്ല. കാപ്പിറ്റിൽ ഗുഡ്‌സ് വളർച്ച 9.3 ശതമാനത്തിൽ നിന്ന് 5.8 ശതമാനത്തിലേക്ക് ഇടിഞ്ഞതും തിരിച്ചടിയായി.
അതേസമയം, കഴിഞ്ഞമാസം ഉപഭോക്തൃ സൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയിൽ നാണയപ്പെരുപ്പം ഒരു വർഷത്തെ താഴ്‌ചയായ 3.31 ശതമാനമായി താഴ്‌ന്നത് ബിസിനസ് ലോകത്തിന് ആശ്വാസമാണ്. റിസർവ് ബാങ്ക് മുഖ്യ പലിശനിരക്ക് പരിഷ്‌കരിക്കാൻ മുഖ്യമായും പരിഗണിക്കുന്നത് റീട്ടെയിൽ നാണയപ്പെരുപ്പമാണ്. ഇത് നാല് ശതമാനത്തിൽ താഴെ തുടരുന്നതിനാൽ ഡിസംബറിലെ യോഗത്തിൽ റിസർവ് ബാങ്ക് പലിശനിരക്ക് കൂട്ടാനിടയില്ല. സെപ്‌തംബറിൽ നാണയപ്പെരുപ്പം 3.7ശതമാനമായിരുന്നു.