ബംഗളൂരു: പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് കമ്പനിയായ ഫ്ലിപ്പ്കാർട്ട് സ്ഥാപകരിലൊരാളായ ബിന്നി ബൻസാൽ കമ്പനിയിൽ നിന്ന് രാജിവച്ചു. സ്വഭാവദൂഷ്യത്തിനുൾപ്പെടെ ബിന്നി ബൻസാലിനെതിരെയുള്ള ആരോപണങ്ങളിൽ അന്വേഷണം നേരിടുന്നതിനെ തുടർന്നാണ് രാജി. ഫ്ലിപ്പ്കാർട്ട് അധികൃതർ വാർത്താക്കുറിപ്പിലാണ് രാജി വാർത്ത പുറത്തുവിട്ടത്. ബിന്നി ബൻസാലും സച്ചിൻ ബൻസാലും സ്ഥാപിച്ച ഫ്ലിപ്പ്കാർട്ടിനെ ഈ വർഷം അമേരിക്കൻ ഇ കോമേഴ്സ് കമ്പനിയായ വാൾമാർട്ട് ഏറ്റെടുത്തിരുന്നു.
ആരോപണങ്ങൾ ബിന്നി ബൻസാൽ നേരത്തെ നിഷേധിച്ചിരുന്നു. അന്വേഷണ സമിതിക്ക് ആരോപണം സ്ഥിതീകരിക്കുന്ന തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലെന്നും കമ്പനി അറിയിച്ചുരുന്നു. ബിന്നിയുടെ രാജി സ്വീകരിച്ചതായി വാർത്താക്കുറിപ്പിൽ പറയുന്നു. എന്നാൽ പരാതിയെക്കുറിച്ചുള്ള വിവിരങ്ങൾ ഫ്ലിപ്പ് കാർട്ട് അധികൃതർ പുറത്തുവിട്ടിട്ടില്ല.
ബിന്നി ബൻസാലും സച്ചിൻ ബൻസാലും ചേർന്ന് സ്ഥാപിച്ച ഫ്ലിപ്പ് കാർട്ട് വാൾമാർട്ട് ഏറ്റെടുത്തതിനെതുടർന്ന് കമ്പനിയുമായുള്ള അഭിപ്രായ വ്യത്യാസം കാരണം സച്ചിൻ ബൻസാൽ നേരത്തെ രാജിവച്ചിരുന്നു. ഇതോടെ സ്ഥാപകർ രണ്ടുപേരും കമ്പനിയിൽ ഇല്ലാതെയായി.
ഫ്ലിപ്പ്കാർട്ട് സി.ഇ.ഒ ആയി കല്യാൺ കൃഷ്ണമൂർത്തി തുടരും. ഫ്ലിപ്പ്കാർട്ടിന് കീഴിലുള്ള ജബോംഗ്, മിന്ത്ര എന്നിവയുടെ സി.ഇ.ഒ ആയി അനന്ത് നാരായണും തുടരും. ഫോൺപെ സി.ഇ.ഒ ആയി സമീർ നിഗവും തുടരുമെന്നും കമ്പനി അറിയിച്ചു.