ചെന്നൈ: ബി.ജെ.പി അപകടകാരിയാണെന്ന പ്രഖ്യാപനത്തിനു പിന്നാലെ പ്രതിപക്ഷ പാർട്ടികളേക്കാൾ ശക്തനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന പ്രസ്താവനയുമായി ചലച്ചിത്രതാരം രജനികാന്ത്. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ കൈകോർക്കുന്ന സാഹചര്യത്തിൽ ബി.ജെ.പിയെ അപകടകാരിയായി കരുതണോ എന്ന മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് പ്രതിപക്ഷം അങ്ങനെ കരുതുന്നെങ്കിൽ അത് സത്യമാകും എന്നായിരുന്നു രജനികാന്തിന്റെ മറുപടി. എന്നാൽ ഇന്നലെ ചെന്നൈ പോയസ് ഗാർഡനിലെ വസതിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് രജനി അഭിപ്രായം തിരുത്തിയത്. പത്തുപേർ ഒരാൾക്കെതിരെ (മോദി ) കൈകോർക്കുന്നുവെങ്കിൽ ആരാണെന്ന് കരുത്തെന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. പൂർണസമയ രാഷ്ട്രീയപ്രവർത്തനത്തിലേക്ക് ഇറങ്ങാത്തതിനാൽ ബി.ജെ.പിയുടെ നിലപാടുകളോടുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്താൻ സമയമായിട്ടില്ലെന്നും രജനികാന്ത് വ്യക്തമാക്കി. രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മാനുഷിക മൂല്യങ്ങൾ പരിഗണിച്ച് വെറുതെ വിടണമെന്നും രജനികാന്ത് പറഞ്ഞു.