കണ്ണൂർ: ശബരിമല യുവതി പ്രവേശനം അനുവദിച്ച വിധി പുന:പരിശോധിക്കുമെന്ന സുപ്രീം കോടതി ഉത്തരവ് സംസ്ഥാന സർക്കാരിന് തിരിച്ചടിയാകില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഭരണഘടന ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ യുവതി പ്രവേശനം നടപ്പാക്കാനെ സർക്കാരിന് കഴിയുകയുള്ളുവെന്നും കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. മണ്ഡലകാലത്ത് ശബരിമലയിൽ എത്തുന്ന യുവതികൾക്ക് സർക്കാർ പൂർണ സംരക്ഷണം നൽകും. നിലവിലുള്ള വിധി നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുകയെന്നും കാനം കൂട്ടിച്ചേർത്തു. വിധി പുന:പരിശോധിക്കുമെന്ന ഉത്തരവ് വന്നതിന് പിന്നാലെയാണ് കാനത്തിന്റെ പ്രതികരണം.
ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിധിക്കെതിരെ സമർപ്പിച്ച പുനപരിശോധന ഹർജികൾ ജനുവരി 22ന് തുറന്ന കോടതിയിൽ കേൾക്കുമെന്നാണ് സുപ്രീം കോടതി ഉത്തരവ്. യുവതികളെ പ്രവേശിപ്പിക്കാൻ ഒക്‌ടോബറിൽ പുറപ്പെടുവിച്ച ഉത്തരവിന് സ്‌റ്റേയില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ സമർപ്പിക്കപ്പെട്ട റിട്ട് ഹർജികളും ജനുവരി 22ന് പരിഗണിക്കും.