പനാജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മത്സരവിഭാഗത്തിൽ ഇത്തവണ രണ്ട് മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കും. ജയരാജിന്റെ 'ഭയാനക"വും ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ഇ.മ.യൗവു"മാണ് മലയാളത്തിൽ നിന്നുള്ള ചിത്രങ്ങൾ. ഇന്ത്യയിൽ നിന്ന് ചേഴിയൻ റാ സംവിധാനം ചെയ്ത തമിഴ് ചിത്രം 'ടു ലെറ്റും" പ്രദർശനത്തിനുണ്ട്. ഗോവൻ ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള സുവർണമയൂരം സ്വന്തമാക്കിയ ഏക മലയാള ചിത്രം ജയരാജിന്റെ കരുണമാണ്. ഇത്തവണയും മലയാളത്തിന്റെ പുരസ്കാര പ്രതീക്ഷ നിലനിറുത്തുന്നത് ഭയാനകമാണ്.
കഴിഞ്ഞ തവണ മലയാളത്തിൽ നിന്ന് മത്സര വിഭാഗത്തിലെത്തിയ മഹേഷ് നാരായണന്റെ ടേക്ക് ഓഫിനാണ് പാർവതി മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയത്.
ഇന്ത്യൻ പനോരമയിൽ ഉദ്ഘാടന ചിത്രമായി ഷാഷി എൻ. കരുൺ സംവിധാനം ചെയ്ത 'ഓള്" പ്രദർശിപ്പിക്കും.