1. ശബരിമല യുവതി പ്രവേശനത്തിൽ സുപ്രിംകോടതിയുടെ നിർണായക ഇടപെടൽ. യുവതി പ്രവേശന വിധി സുപ്രിംകോടതി പുനഃപരിശോധിക്കും. റിവ്യു ഹർജികളിൽ ജനുവരി 22ന് സുപ്രിംകോടതി വാദം കേൾക്കുന്നത് തുറന്ന കോടതിയിൽ. പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്നത് മണ്ഡലകാലത്തിന് ശേഷം. യുവതി പ്രവേശനത്തിൽ ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് സ്റ്റേ ഇല്ല. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനും സുപ്രംകോടതി നോട്ടീസ് അയയ്ക്കും. ഉചിതമായ ബെഞ്ച് പരിഗണിക്കുമെന്ന് കോടതി.
2. 49 പുനഃപരിശോധനാ ഹർജികളും പരിഗണിച്ച് തീരുമാനം എടുത്തത് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച്. മൂന്ന് മണിക്ക് ചീഫ് ജസ്റ്റിസിന്റെ ചേംബറിൽ ഹർജികൾ പരിഗണിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് അരമണിക്കൂറിൽ. റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ കേൾക്കണം എന്ന ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച് വിധി പറഞ്ഞത് മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിൽ അഞ്ചംഗ ഭരണഘടനാ ബഞ്ച്. സുപ്രംകോടതി പുനഃപരിശോധിക്കുന്നത് ശബരിമല യുവതീ പ്രവേശനം അനുവദിച്ച ചരിത്ര വിധി.
3. യുവതി പ്രവേശനത്തിൽ റിവ്യു ഹർജികൾ തുറന്ന കോടതിയിൽ കേൾക്കാനുള്ള സുപ്രംകോടതി തീരുമാനത്തിൽ നിയമോപദേശം തേടുമെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ. നേരത്തെ ഉള്ള വിധി നിലനിൽക്കുന്നു എന്നും മുഖ്യൻ. കോടതി തീരുമാനത്തിൽ സന്തോഷം ഉണ്ടെന്ന് തന്ത്റി കണ്ഠരര് രാജീവരര്. അയ്യപ്പൻ രക്ഷിച്ചു എന്നും വലിയ വിജയം എന്നും തന്ത്റി. ഉത്തരവ് വിജയം എന്ന് പന്തളം കൊട്ടാരം. സർക്കാരിന് മുഖം രക്ഷിക്കാൻ ലഭിച്ച അവസരം എന്നും കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ.
4. സുപ്രംകോടതി വിധി മാനിക്കും എന്ന് ദേവസ്വം മന്ത്റി കടകംപള്ളി സുരേന്ദ്റൻ. വിധി എന്തായാലും നടപ്പാക്കാൻ സർക്കാർ ബാദ്ധ്യസ്ഥർ. മുഖ്യമന്ത്റിയുമായി കൂടി ആലോചിച്ച ശേഷം നടപടി എന്നും ദേവസ്വം മന്ത്റി. കോടതി വിധി എന്തായാലും നടപ്പാക്കും എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിശ്വാസികളുടെ വിജയം എന്ന് ബി.ജെ.പി. ശബരിമല സമരത്തിന്റെ ഭാവി എൻ.ഡി.എയിൽ ആലോചിച്ച് തീരുമാനിക്കും എന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള. കോടതിയുടേത് അപൂർവ നടപടി എന്നും ശ്രീധരൻ പിള്ള.
5. സർക്കാർ വിവേകം കാണിക്കണം എന്നും നിർബന്ധിച്ച് സ്ത്രീകളെ ശബരിമല കയറ്റരുത് എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയെ കലാപ ഭൂമി ആക്കരുത് എന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നിയമവിദഗ്ദ്ധരുമായി ആലോചിച്ച് തുടർ നടപടികൾ തീരുമാനിക്കും എന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ. അതേസമയം മണ്ഡലകാലത്ത് ശബരിമലയിൽ എത്തുമെന്ന് തൃപ്തിദേശായി. അതിനിടെ, ശബരിമല സ്ത്രീപ്രവേശന വിഷയം ചർച്ച ചെയ്യാൻ വ്യാഴാഴ്ച സർവകക്ഷി യോഗം വിളിച്ച് സംസ്ഥാന സർക്കാർ.
6. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ പീഡന ആരോപണം ഉന്നയിച്ച കന്യാസ്ത്രിയെ അവഹേളിച്ച കേസിൽ പി.സി ജോർജ് എം.എൽ.എയുടെ അഭിഭാഷകനെ കാണാൻ വിസമ്മതിച്ച് ദേശീയ വനിതാ കമ്മിഷൻ. പി.സി ജോർജിന്റെ അഭിഭാഷകൻ അഡോൾഫ് മാത്യു ഇന്നലെ കമ്മിഷൻ ആസ്ഥാനത്ത് എത്തിയെങ്കിലും വനിതാ കമ്മിഷൻ അദ്ധ്യക്ഷ രേഖ ശർമ്മ കാണാൻ അനുമതി നൽകിയില്ല. ജോർജ് എത്തിയിട്ടുണ്ടോ എന്ന് ഫോൺ വഴി ആരാഞ്ഞ കമ്മിഷൻ അഭിഭാഷകൻ ആണെങ്കിൽ കാണാൻ താത്പര്യം ഇല്ലെന്ന് അറിയിക്കുക ആയിരുന്നു.
7. കമ്മിഷന്റെ നടപടി പലവട്ടം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ജോർജ് നേരിട്ട് എത്താത്തതിനെ തുടർന്ന്. കാണാൻ കൂട്ടാക്കാത്തത് നിയമലംഘനം ആണെന്ന് അഭിഭാഷകൻ വാദിച്ചപ്പോൾ മറുപടി ഓഫീസിൽ ഏൽപ്പിച്ച് മടങ്ങിക്കോളൂ എന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷയുടെ പ്രതികരണം. എന്നാൽ വാറണ്ട് അടക്കമുള്ള നടപടികൾക്ക് അധികാരം ഉണ്ടെന്നിരിക്കെ കമ്മിഷൻ എന്ത് നിലപാട് സ്വീകരിക്കും എന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ രേഖ ശർമ്മ പ്രതികരിച്ചിട്ടില്ല. നേരത്തെ രണ്ട് തവണ സമയം അനുവദിച്ചിട്ടും ജോർജ് ഒഴിഞ്ഞുമാറിയതിൽ അതൃപ്തി രേഖപ്പെടുത്തിയാണ് ഇന്ന് എത്തണം എന്ന് അന്ത്യശാസനം നൽകിയിരുന്നത്.
8. നെയ്യാറ്റിൻകര കൊലക്കേസ് പ്രതി ഡിവൈ.എസ്.പി ഹരികുമാർ തൂങ്ങിമരിച്ച നിലയിൽ. തിരുവനന്തപുരം കല്ലമ്പലത്തെ ഭാര്യവീട്ടിൽ ആണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ഒൻപത് മണിയോടെ വീട്ടുജോലിക്കാരൻ ആണ് ആദ്യം മൃതദേഹം കണ്ടെത്തിയത്. സനൽ കുമാർ വധക്കേസുമായി ബന്ധപ്പെട്ട് ഹരികുമാറിനായി കേരളത്തിലും തമിഴ്നാട്ടിലും ആയി അന്വേഷണം തുടരുന്നതിനിടെ ആണ് മരണം. ഇന്നലെ രാത്രിയാണ് ഹരികുമാർ ഇവിടെ എത്തിയതെന്ന് പൊലീസ്.
9. ദൈവ വിധി നടപ്പായെന്ന് സനലിന്റെ ഭാര്യ വിജിയുടെ പ്രതികരണം. ഹരികുമാറിനെ ഒളിവിൽ കഴിയാൻ സഹായിച്ചവരെയും സനലിനെ ആശുപത്രിയിൽ എത്തിക്കാതെ ക്രൂരത കാട്ടിയവരേയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം എന്ന് സഹോദരി സജിത. ഹരികുമാറിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് സനൽ കുമാറിന്റെ ബന്ധുക്കൾ നടത്തിയ ഉപവാസ സമരം അവസാനിപ്പിച്ചു.
10. അതിനിടെ നെയ്യാറ്റിൻകര സനലിന്റെ കൊലപാതകത്തിൽ രണ്ട് പേർ കൂടി കീഴടങ്ങി. ഹരികുമാറിന്റെ സുഹൃത്ത് ബിനുവും ഡ്രൈവർ രമേശനുമാണ് കീഴടങ്ങിയത്. ഇവർക്കൊപ്പമാണ് ഡിവൈ.എസ്.പി ഹരികുമാർ ഒളിവിൽ കഴിഞ്ഞിരുന്നത്. ഡിവൈ.എസ്.പിയെ ഒളിവിൽ പോകാൻ സഹായിച്ച തൃപ്പരപ്പിലെ ലോഡ്ജ് ഉടമ സതീഷ് കുമാറിനെയും ബിനുവിന്റെ മകൻ അനൂപ് കൃഷ്ണയേയും കോടതി റിമാൻഡ് ചെയ്തു.