കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയ്ക്ക് തിരിച്ചടി നൽകിക്കൊണ്ട്, പാർലമെന്റ് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയെ പുറത്താക്കിയ സിരിസേനയുടെ നടപടിക്കുശേഷം ശ്രീലങ്കൻ രാഷ്ട്രീയത്തിലുണ്ടായ നാടകീയ വഴിത്തിരിവാണ് കോടതി വിധി. ജനുവരി അഞ്ചിന് നടത്താനിരുന്ന ഇടക്കാല പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നിറുത്തിവയ്ക്കാനും സുപ്രീംകോടതി ഉത്തരവിട്ടു.
സിരിസേനയുടെ നടപടികൾക്കെതിരെ സുപ്രീംകോടതിയിൽ സമർപ്പിച്ച 13 പരാതികൾ പരിഗണിക്കെവയാണ് ചീഫ് ജസ്റ്രിസ് നളിൻ പെരേര ഉൾപ്പെട്ട മൂന്നംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ഡിസംബർ എഴുവരെ നടപടി റദ്ദാക്കുന്നതായും ഹർജികളിൽ അന്ന് വീണ്ടും വാദം കേൾക്കുമെന്നും കോടതി അറിയിച്ചു.
ഈ സാഹചര്യത്തിൽ 225 അംഗ സഭയിൽ ഭൂരിപക്ഷം നേടുകയാണെങ്കിൽ പുറത്താക്കപ്പെട്ട റെനിൽ വിക്രമസിംഗെയ്ക്ക് വിശ്വാസം തെളിയിക്കാൻ കൂടി വഴിതെളിയുകയാണ്.
സർക്കാരിന് കാലാധി പൂർത്തിയാക്കാൻ 20 മാസത്തോളം ബാക്കി നിൽക്കെയാണ് കഴിഞ്ഞയാഴ്ച പാർലമെന്റ് പിരിച്ചുവിട്ടുകൊണ്ട് സിരിസേന ഉത്തരവിട്ടത്. ജനുവരി 5ന് ഇടക്കാല തിരഞ്ഞെടുപ്പ് നടത്താനും തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രിയായിരുന്ന റെനിൽ വിക്രമസിംഗെയ്ക്കുള്ള പിന്തുണ പിൻവലിച്ച് മഹിന്ദ രാജപക്സെയെ പ്രധാമന്ത്രിയായി അവരോധിച്ചുകൊണ്ടുള്ള പ്രസിഡന്റ് സിരിസേനയുടെ നടപടിയെ തുടർന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കുന്നതാണ് കോടതിവിധി. നവംബർ 16 വരെ പാർലമെന്റ് മരവിപ്പിച്ചുകൊണ്ട് സിരിസേന നേരത്തേ ഉത്തരവിട്ടിരുന്നു.
പാർലമെന്റ് വിളിച്ചുചേർത്ത് സ്പീക്കർ
ഇന്ന് രാവിലെ 10 മണിക്ക് പാർലമെന്റ് അംഗങ്ങളുടെ യോഗം ചേരാൻ സ്പീക്കർ കരു ജയസൂര്യ പ്രസ്താവനയിൽ അറിയിച്ചു. എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.