കണ്ണൂർ: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന് സർക്കാർ വാശി പിടിച്ചാൽ സമരം ശക്തമാക്കുമെന്ന് ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി അറിയിച്ചു. യുവതി പ്രവേശത്തിനെതിരായ സമരം ആർ.എസ്.എസ് ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല യുവതി പ്രവേശനം അനുവദിച്ച വിധി സുപ്രീം കോടതി പുനപരിശോധിക്കുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജനുവരി 22വരെ സർക്കാർ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കരുതെന്നും ഇതുമായി ബന്ധപ്പെട്ട് സർക്കർ സർവ്വകക്ഷി യോഗം വിളിക്കണമെന്നും വത്സൻ തില്ലങ്കേരി ആവശ്യപ്പെട്ടു. അതേസമയം, ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിധിക്കെതിരെ സമർപ്പിച്ച പുനപരിശോധന ഹർജികൾ ജനുവരി 22ന് തുറന്ന കോടതിയിൽ കേൾക്കുമെന്നാണ് സുപ്രീം കോടതി ഉത്തരവ്. യുവതികളെ പ്രവേശിപ്പിക്കാൻ ഒക്‌ടോബറിൽ പുറപ്പെടുവിച്ച ഉത്തരവിന് സ്‌റ്റേയില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ സമർപ്പിക്കപ്പെട്ട റിട്ട് ഹർജികളും ജനുവരി 22ന് പരിഗണിക്കും.