urjith

ന്യൂഡൽഹി: റിസർവ് ബാങ്ക് ഒഫ് ഇന്ത്യയും കേന്ദ്ര സർക്കാരും തമ്മിലുള്ള തർക്കം തുടരവെ പ്രശ്‌ന പരിഹാരത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആർ.ബി.ഐ ഗവർണർ ഊർജിത് പട്ടേൽ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. കരുതൽ ശേഖരത്തിൽ നിന്ന് സർക്കാർ പണം ആവശ്യപ്പെട്ടതിനെ തുടർന്ന് ആർ.ബി.ഐയും കേന്ദ്ര ധനകാര്യ മന്ത്രാലയും തമ്മിലുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. അടുത്ത തിങ്കളാഴ്ച റിസർവ് ബാങ്ക് ബോർഡ് യോഗം ചേരുന്നുണ്ട്. സർക്കാരിന്റെ അതൃപ്തി നേരിടുന്ന ഊർജിത് പട്ടേലിന്റെ രാജി അഭ്യൂഹങ്ങളും ശക്തമാണ്. ചെറുകിട - ഇടത്തരം സംരംഭകർക്കുള്ള വായ്പാ പദ്ധതിയും പ്രധാനമന്ത്രിയും ഊർജിതും ചർച്ച ചെയ്തതായാണ് വിവരം. വായ്പാ തടസങ്ങൾ നീക്കുന്നതിലും ആർ.ബി.ഐയ്ക്ക് മേൽ സർക്കാർ സമ്മർദ്ദമുണ്ട്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർക്കാർ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിൽ നിന്ന് ഒരു ലക്ഷം കോടി രൂപ ആവശ്യപ്പെട്ടെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.