തൃശൂർ : ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് മൂന്നുമാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ കിടപ്പുമുറിയിൽ ശ്വാസം മുട്ടിച്ചു കൊന്ന കേസിൽ മാതാവിന് ജീവപര്യന്തം തടവും 5000 രൂപ പിഴയും ശിക്ഷിച്ചു. തെക്കുംകര കുടിലിൽ വീട്ടിൽ ശരണ്യയെയാണ് (30) തൃശൂർ നാലാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി കെ.ആർ. മധുകുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടി കഠിനതടവ് അനുഭവിക്കണം.
2010 ഡിസംബർ ഒന്നിനായിരുന്നു സംഭവം. ഭർത്താവ് നിജോ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. മുറിയിൽ കയറി വാതിലടച്ച ശരണ്യ തന്റെ മരണത്തിന് ഭർത്താവും വീട്ടുകാരുമാണ് ഉത്തരവാദികളെന്ന് ചുവരിൽ എഴുതിവച്ച ശേഷമാണ് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത്. തുടർന്ന് ശരണ്യ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ഇതിനിടെ ഭാര്യയെ ഫോൺ വിളിച്ചപ്പോൾ കിട്ടാത്തതിനെത്തുടർന്ന് നിജോ വീട്ടുകാരോട് കാര്യം തിരക്കി. വീട്ടുകാർ വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് കുട്ടിയെ മരിച്ച നിലയിലും, ശരണ്യയെ രക്തം വാർന്ന് ബോധമറ്റും കണ്ടെത്തിയത്. വടക്കാഞ്ചേരി പൊലീസെടുത്ത കേസ് സി.ഐ ടി.എസ്. സിനോജായിരുന്നു അന്വേഷിച്ചത്.