dyfi

കോഴിക്കോട് : പി.കെ. ശശി എം.എൽ.എയ്‌ക്കെതിരെ വനിതാ നേതാവ് ഉന്നയിച്ച പീഡന ആരോപണം ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രതിനിധി സമ്മേളനം ചർച്ച ചെയ്‌തില്ലെന്ന് സെക്രട്ടറി എം. സ്വരാജ് എം.എൽ.എ പറഞ്ഞു. ഇന്നലത്തെ ചർച്ചയുടെ വിശദാംശങ്ങൾ വിശദീകരിക്കുന്നതിനിടെ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പാർട്ടി നിയോഗിച്ച സംഘം പരാതി അന്വേഷിക്കുന്നുണ്ട്. അന്വേഷണം നീളുന്നതിനുള്ള കാരണം അന്വേഷണ സംഘത്തോട് ചോദിക്കണം.

ആരാധനയിൽ ലിംഗ വ്യത്യാസത്തിന്റെ പേരിൽ ആരെയും മാറ്റി നിറുത്തരുത്. ശബരിമല വിഷയത്തിൽ വിശ്വാസികളുടെ വികാരം മാനിക്കുന്നു. ഭരണഘടനയാണ് വലുത്. സുപ്രീംകോടതി തീരുമാനം മാനിക്കണം. വിധിക്കെതിരെ കോൺഗ്രസും ബി.ജെ.പിയും നടത്തുന്ന പ്രക്ഷോഭത്തിനെതിരെ ഡി.വൈ.എഫ്.ഐ കാമ്പെയിൻ ആരംഭിക്കും.

കെ.ടി. ജലീലിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ തെളിവില്ല. തെളിവുള്ളവർ കോടതിയിൽ പോകട്ടെയെന്നും സ്വരാജ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എ.എൻ. ഷംസീർ എം.എൽ.എ, സ്വാഗത സംഘം ജനറൽ കൺവീനർ പി. നിഖിൽ, മീഡിയ കമ്മിറ്റി കൺവീനർ പി. ഷിജിത്ത്, ജില്ലാ പ്രസിഡന്റ് വി. വസീഫ് എന്നിവരും പങ്കെടുത്തു.