ന്യൂഡൽഹി: പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്ളിക്‌കാർട്ടിന്റെ സഹസ്ഥാപകനും ഗ്രൂപ്പ് സി.ഇ.ഒയുമായ ബിന്നി ബൻസാൽ രാജിവച്ചു. ഗുരുതര സ്വഭാവദൂഷ്യത്തിന് ആഭ്യന്തര അന്വേഷണം നേരിടുന്ന പശ്‌ചാത്തലത്തിലാണ് രാജി. ബിന്നി ബൻസാലിനെതിരായ തെളിവുകൾ അന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ലെന്നും കുറ്റം അദ്ദേഹം നിഷേധിച്ചിരുന്നുവെന്നും ഫ്ളിപ്‌കാർട്ടിന്റെ മാതൃസ്ഥാപനമായ വാൾമാർട്ട് വ്യക്തമാക്കി. എന്നാൽ, അന്വേഷണം സുതാര്യമായിരുന്നില്ലെന്ന വിമർശനം ഉയർന്ന പശ്‌ചാത്തലത്തിലാണ് അദ്ദേഹം രാജിവച്ചത്.
കഴിഞ്ഞ ജൂലായിൽ ബിന്നി ബൻസാലിനെതിരെ ലൈംഗിക പീഡന പരാതി റിപ്പോർട്ട് കമ്പനിക്ക് ലഭിച്ചിരുന്നുവെന്ന് സൂചനയുണ്ട്. എന്നാൽ, ഇക്കാര്യം ഫ്ളിപ്‌കാർട്ടോ വാൾമാർട്ടോ സ്ഥിരീകരിച്ചിട്ടില്ല. സച്ചിൻ ബൻസാലും ബിന്നി ബൻസാലും ചേർന്ന് രൂപീകരിച്ച ഫ്ലിപ്കാർട്ടിനെ കഴിഞ്ഞ മേയിലാണ് 1,600 കോടി ഡോളറിന് ഫ്ളിപ്‌കാർട്ടിന്റെ 77 ശതമാനം ഓഹരികൾ വാൾമാർട്ട് വാങ്ങിയത്. സച്ചിനും ബിന്നിക്കും അഞ്ച് ശതമാനം വീതം ഓഹരി പങ്കാളത്തമാണ് ഫ്ളിപ്‌കാർട്ടിൽ ഉണ്ടായിരുന്നത്. വാൾമാർട്ടുമായുള്ള ധാരണയെ തുടർന്ന് സച്ചിൻ ഓഹരികൾ വിറ്റൊഴിഞ്ഞിരുന്നു. എന്നാൽ, കമ്പനിയിൽ നിന്ന് രാജിവച്ചെങ്കിലും ഡയറക്‌ടർ ബോർഡ് സ്ഥാനം ഒഴിയുമെന്നോ ഓഹരികൾ വിറ്റഴിക്കുമെന്നോ ബിന്നി വ്യക്തമാക്കിയിട്ടില്ല.
അതേസമയം, ബിന്നിയും ബൻസാലും ഫ്ളിപ്‌കാർട്ടിൽ നിന്ന് ഒഴിഞ്ഞതോടെ, സ്ഥാപകർ കളംവിട്ടുവെന്ന സ്ഥിതിയാണ് കമ്പനിയിൽ സംജാതമായത്. ഫ്ളിപ്‌കാർട്ടിന്റെ സി.ഇ.ഒയായി കല്യാൺ കൃഷ്‌ണമൂർത്തി മൂർത്തി തുടരുമെന്ന് വാൾമാർട്ട് വ്യക്തമാക്കി. ഉപബ്രാൻഡുകളായ മിന്ത്ര, ജബോംഗ് എന്നിവയുടെ സി.ഇ.ഒയായി അനന്ത നാരായണനും ഫോൺപെയുടെ സി.ഇ.ഒയായി സമീർ നിഗവും തുടരും.