monkey

ആഗ്ര: മുലയൂട്ടിക്കൊണ്ടിരുന്ന അമ്മയുടെ കൈയിൽ നിന്ന് 12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കുരങ്ങൻ തട്ടിക്കൊണ്ടുപോയി. തിരച്ചിലൊടുവിൽ കണ്ടെത്തിയത് കുഞ്ഞിന്റെ മൃതദേഹം.ആഗ്രയിലെ മൊഹല്ല കച്ച്ഹേറയിൽ വിജയ് നഗർ കോളനിയിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

സണ്ണി എന്ന ആൺകുഞ്ഞാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മാതാവ് കുട്ടിയെ മുലയൂട്ടുമ്പോഴായിരുന്നു കുരങ്ങൻ കുട്ടിയേയും തട്ടിപ്പറിച്ച് ഓടിയത്. കുഞ്ഞിന്റെ അമ്മയുടെ കരച്ചിൽ കേട്ട് എത്തിയ വീട്ടുകാരും ബന്ധുക്കളും കുരങ്ങിനെ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പ്രദേശത്ത് എല്ലായിടത്തും നാട്ടുകാർ തെരച്ചിൽ നടത്തി. ഇതിനിടയിലാണ് അയൽവാസിയുടെ വീടിന്റെ ടെറസിന്റെ മുകളിൽ ചോരയിൽ കുളിച്ച നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. കുട്ടിയെ ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെതന്നെ മരിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു.എന്നാൽ കുട്ടി മരിച്ചിട്ടില്ലെന്ന് പറഞ്ഞ ബന്ധുക്കൾ കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും രക്ഷപ്പെടുത്താനായില്ല.

ആഗ്രയിലെ വിജയ്‌നഗർ കോളനിയിൽ കുരങ്ങൻമാരുടെ ശല്യം രൂക്ഷമാണെന്ന പരാതികൾക്കിടയിലാണ് കുഞ്ഞ് കൊല്ലപ്പെട്ട സംഭവം ഉണ്ടായിരിക്കുന്നത്. വീടുകളുടെ ടെറസുകളിലും മറ്രും ഓടിനടക്കുന്ന കുരങ്ങൻമാർ ഏതു സമയവും വീട്ടിൽ അതിക്രമിച്ചുനടക്കുന്നത് പതിവാണെന്നാണ് പരാതി.