തിരുവനന്തപുരം: ശബരിമല വിഷയത്തിലെ പുനഃപരിശോധനാഹർജിയിലെ വിധിയിൽ യുവതീപ്രവേശനം ആവാമെന്ന മുൻ ഉത്തരവ് സ്റ്റേ സുപ്രിംകോടതി സ്റ്റേ ചെയ്യാത്തിനാൽ മണ്ഡലകാലത്ത് അയ്യപ്പദർശനത്തിനെത്തുന്ന യുവതികൾക്ക് സർക്കാർ സുരക്ഷ ഒരുക്കേണ്ടി വരും. തുലാമാസ പൂജാ സമയത്തും ചിത്തിര ആട്ടത്തിരുനാളിനും നടതുറന്നതുപോലുള്ള സാഹചര്യമല്ല സർക്കാരിനെയും പൊലീസിനെയും കാത്തിരിക്കുന്നത്. തുലാമാസത്തിലും ചിത്തിര ആട്ടത്തിരുന്നാളിനും ദിവസങ്ങൾ മാത്രമാണു നട തുറന്നത്. എന്നാൽ മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് 64 ദിവസമാണു നട തുറക്കുന്നത്.
നവംബർ 16ന് തുറക്കുന്ന നട ഡിസംബർ 27നാണ് അടയ്ക്കുക. 27നാണു മണ്ഡലപൂജ. ഡിസംബർ 30ന് വീണ്ടും തുറക്കുന്ന നട ജനുവരി 20ന് അടയ്ക്കും. ജനുവരി 11ന് പേട്ട തുള്ളൽ. 14ന് മകരവിളക്ക്. 20ന് നട അടച്ച് 2 ദിവസം കഴിഞ്ഞേ് ജനുവരി 22ന് മാത്രമേ സുപ്രീം കോടതി കേസ് പരിഗണിക്കൂ. അതുവരെ സുശക്തമായ സുരക്ഷാ സംവിധാനം ഒരുക്കേണ്ട ഉത്തരവാദിത്തമാണു പൊലീസിന്. യുവതികൾ പ്രവേശിക്കാതിരിക്കാൻ വിശ്വാസികൾ ശബരിമലയിൽ എത്തുമെന്ന് അയ്യപ്പ ധർമ്മസേനാ പ്രസിഡന്റ് രാഹുൽ ഈശ്വറും വിവിധ സംഘടനകളും ആഹ്വാനം ചെയ്ത സാഹചര്യത്തിൽ അക്രമസംഭവങ്ങൾ ഒഴിവാക്കാൻ പൊലീസിന് മുമ്പെത്തെക്കാൾ കിണഞ്ഞു പരിശ്രമിക്കേണ്ടി വരും. തൃപ്തിദേശായിമാരെപ്പോലുള്ളവരെ തടയുമെന്ന് രാഹുൽ ഈശ്വറിന്റെ പ്രഖ്യാപനവും ഉണ്ടായിരുന്നു.
കഴിഞ്ഞ തവണ 2800 പൊലീസിനെയാണു സുരക്ഷയ്ക്കായി വിന്യസിച്ചത്. എന്നിട്ടും സുരക്ഷയൊരുക്കുന്നതിലും ശബരിമലയിലെ നിയന്ത്രണം ഏറ്റെടുക്കുന്നതിലും പൊലീസിന് വീഴ്ചയുണ്ടായതായി വമിർശനം ഉണ്ടായിരുന്നു. അതിനാൽ ഇത്തവണ വിശദമായ സുരക്ഷാ പദ്ധതിയാണു ശബരിമലയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്. പതിനായിരത്തിന് മുകളിൽ പൊലീസുകാർ ശബരിമലയുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുണ്ടാകും. അഞ്ച് ഘട്ടങ്ങളായാണു പൊലീസിനെ വിന്യസിക്കുന്നത്. ഈ മാസം 14 മുതൽ 30 വരെയാണ് ആദ്യഘട്ടം. 30 മുതൽ ഡിസംബർ 14 വരെ രണ്ടാംഘട്ടം. 14 മുതൽ 29 വരെ മൂന്നാംഘട്ടം. 29 മുതൽ ജനുവരി 16 വരെ നാലാംഘട്ടം. 16 മുതൽ 20 വരെ അഞ്ചാംഘട്ടം.
സൗത്ത് സോൺ എ.ഡി.ജി.പി അനിൽകാന്താണ് ചീഫ് പൊലീസ് കോ-ഓർഡിനേറ്റർ. എ.ഡി.ജി.പി അനന്തകൃഷ്ണനാണ് കോ– ചീഫ് കോ-ഓർഡിനേറ്റർ. സേനാ വിന്യാസത്തിന്റെ ഉത്തരവാദിത്തം തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിനാണ്. വനിതാ ബറ്റാലിയൻ കമൻഡാന്റിന്റെ നേതൃത്വത്തിൽ ഒരു കമ്പനി വനിതാ പൊലീസിനെയും 30 വനിതാ കമാൻഡോകളെയും മണിയാറിലെ കെ.എ.പി അഞ്ചാം ബറ്റാലിയനിൽ വിന്യസിക്കും.
പമ്പയിലും സന്നിധാനത്തും കൂടുതൽ സി.സി.ടിവി കാമറകൾ ദേവസ്വം ബോർഡിന്റെ സഹായത്തോടെ സ്ഥാപിക്കുന്നുണ്ട്. മേലെ തിരുമുറ്റത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കു കൈയിൽ ധരിക്കാൻ പ്രത്യേക ബാൻഡുകൾ നൽകും. ഇതിനുവേണ്ടി പ്രത്യേക Jജിസ്റ്റർ സൂക്ഷിക്കാൻ നിർദേശം നല്‍കി. ജനക്കൂട്ടത്തെ നിരീക്ഷിക്കാൻ സന്നിധാനത്തും പമ്പയിലും വാച്ച് ടവറുകൾ ഉണ്ടാകും. സുരക്ഷയ്ക്കായി കമാൻഡോകളെയും ക്വിക്ക് റിയാക്‌ഷൻ ടീമിനെയും സന്നിധാനത്തു വിന്യസിക്കും, സുരക്ഷയുടെ ഭാഗമായി ആകാശനിരീക്ഷണത്തിന് വ്യോമസേനയുടെ സഹായം തേടിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.