പത്തനംതിട്ട : ശബരിമലയിലെ യുവതീപ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി പരിഗണിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ ശബരിമലയിൽ സംഘർഷവും ഏറ്റുമുട്ടലും ഒഴിവാക്കാനുള്ള വിവേകം സർക്കാർ കാണിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള ആവശ്യപ്പെട്ടു. ശബരിമല വിഷയത്തിൽ ജനുവരി 22 വരെ കാത്തിരിക്കാനുള്ള ക്ഷമ സർക്കാർ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എൻ.ഡി.എയുടെ ശബരിമല സംരക്ഷണ രഥയാത്രയുടെ സമാപന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം അയ്യപ്പന്റെ കോടതിയിൽ സമരത്തിനു സ്റ്റേ ഇല്ലെന്നും സമരം തുടരുമെന്നും ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി എച്ച്.രാജ പറഞ്ഞു. അമ്പലം ദൈവങ്ങൾ കുടിയിരിക്കുന്ന വീടാണ്. അവിടേക്കാണു മുഖ്യമന്ത്രി പിണറായി വിജയൻ രഹ്ന ഫാത്തിമയെ വേഷം കെട്ടിച്ചു കൊണ്ടു പോയത്. ഇന്ത്യയിലെ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി പിണറായി അറിയപ്പെടുമെന്നും രാജ പറഞ്ഞു.