തൃപ്പൂണിത്തുറ : ജമ്മുകാശ്മീർ അതിർത്തിയിൽ പാകിസ്ഥാൻ സൈനികർ നടത്തിയ വെടിവയ്പിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ ലാൻസ് നായിക് കെ.എം. ആന്റണി സെബാസ്റ്റ്യന്റെ (34) മൃതദേഹം ഇന്ന് രാവിലെ എട്ടോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കും. സൈനിക അകമ്പടിയോടെ ഉദയംപേരൂർ മണകുന്നം സ്റ്റെല്ലാ മേരീസ് കോൺവെന്റിന് സമീപമുള്ള കറുകയിൽ വീട്ടിൽ ഒൻപതോടെ എത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് ഒരുമണിവരെ പൊതുദർശനത്തിനു വയ്ക്കും. സംസ്ഥാന സർക്കാരും സൈനിക വിഭാഗവും ഗാർഡ് ഒഫ് ഓണർ നൽകും. തുടർന്ന് ഇരിങ്ങാലക്കുടയ്ക്ക് കൊണ്ടുപോകും. സംസ്കാരം വൈകിട്ട് നാലിന് പൂർണ സൈനിക ബഹുമതികളോടെ ഇരിങ്ങാലക്കുട മുര്യാട് സിയോൺ എംപറർ ഇമ്മാനുവേൽ ചർച്ച് സെമിത്തേരിയിൽ നടക്കും. തൃപ്പൂണിത്തുറ സെന്റ് ജോസഫ് കോൺവെന്റ് സ്കൂൾ, കോടംകുളങ്ങര സെന്റ് ജോസഫ് സ്കൂൾ, ഇരുമ്പനം ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് ആന്റണി സെബാസ്റ്റ്യൻ സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചത്. തുടർന്ന് എറണാകുളത്തെ ഒരു സ്വകാര്യ കോളേജിൽ പഠിച്ച് പ്ലസ് ടു പാസായി. ഹോട്ടൽ മാനേജ്മെന്റ് കോഴ്സിന് പഠിക്കുമ്പോഴാണ് സൈന്യത്തിൽ ചേർന്നത്. രാജസ്ഥാനിലായിരുന്നു തുടക്കം. മൂന്ന് വർഷം മുൻപ് കാശ്മീർ അതിർത്തിയിൽ ജോലി നോക്കിയിരുന്നു. തുടർന്ന് പല സ്ഥലങ്ങളിലും സേവനമനുഷ്ഠിച്ച ശേഷം തിരികെ കാശ്മീർ അതിർത്തിയിലേക്ക് നിയമനം ലഭിച്ചിട്ട് ഒരു വർഷമാകുന്നേയുള്ളു. 15 വർഷം സർവീസ് പൂർത്തിയാക്കിയെങ്കിലും രണ്ടുവർഷം കൂടി തുടരുകയായിരുന്നു. ഹോട്ടൽ മാനേജ്മെന്റ് പഠിച്ചതിനാൽ സൈനികജീവിതത്തിനിടയിൽ കിട്ടുന്ന ഇടവേളകളിൽ ക്യാമ്പുകളിൽ ഭക്ഷണം പാചകം ചെയ്യുന്നതിൽ തത്പരനായിരുന്നു ആന്റണിയെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
മാർച്ചിൽ മടങ്ങാനിരിക്കെ വീരമൃത്യു
വരുന്ന മാർച്ച് 31ന് സർവീസ് അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ആന്റണി രാജ്യത്തിനായി വീരമൃത്യുവരിച്ചത്.ഒ ക്ടോബർ മൂന്നിന് നാട്ടിൽ വന്ന് തിരിച്ചുപോയ ആന്റണി ഡിസംബറിൽ കാശ്മീരിൽ നിന്ന് മറ്റൊരിടത്തേക്ക് മാറാനിരിക്കുകയായിരുന്നു. രണ്ടു മൂന്ന് ദിവസം മുമ്പ് താമസിച്ചിരുന്ന സ്ഥലത്തിന്റെ സമീപമുള്ള മരങ്ങളിൽ പാക് സൈന്യത്തിന്റെ ഷെല്ലുകൾ പതിച്ചിരുന്നതായി ആന്റണി വീട്ടുകാരോട് പറഞ്ഞിരുന്നു.
സർവീസിൽ നിന്ന് വിരമിച്ച് നാട്ടിലെത്തിയ ശേഷം കാറ്ററിംഗ് ബിസിനസ് തുടങ്ങാനായിരുന്നു ആന്റണിയുടെ പദ്ധതി. സേവനം പൂർത്തിയാക്കി 2017ൽ നാട്ടിലേക്ക് മടങ്ങിയിരുന്നെങ്കിൽ ഇന്ന് ഈ വിധി വരില്ലായിരുന്നുവെന്ന് പറഞ്ഞ് പൊട്ടിക്കരയുകയാണ് അമ്മ ഷീല മൈക്കിളും ഭാര്യ അന്നാ ഡയാനയും സഹോദരി നിവ്യയും. എന്താണ് സംഭവിച്ചതെന്നറിയാതെ ഏക മകൻ എയ്ഡൻ (7) അമ്മയുടെ മടിയിൽ തളർന്ന് തല ചായ്ച്ച് കിടക്കുന്നു. ഉദയംപേരൂർ പ്രഭാത് സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് എയ്ഡൻ. അഡ്വ. ജോൺസനാണ് നിവ്യയുടെ ഭർത്താവ്. പരേതനായ മൈക്കിളാണ് പിതാവ്.