ഇന്ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റുവിന്റെ ജന്മദിനമാണ്. ചാച്ചാജിയുടെ ജന്മദിനം കുട്ടികൾക്ക് ശിശുദിനമാണ്. കുട്ടികളിലൂടെ ഭാരതത്തിന്റെ ഭാവി സ്വപ്നം കണ്ട ജവഹർലാൽ നെഹ്റു, ഇന്ത്യയ്ക്ക് ശക്തമായ അടിത്തറ പാകിയ രാഷ്ട്രശില്പിയാണ്. നെഹ്റുവിന്റെ ആദർശങ്ങളെ തമസ്കരിക്കാനുള്ള ശക്തമായ നീക്കങ്ങൾ നടക്കുമ്പോൾ, നെഹ്റുവിന്റെ സംഭാവനകൾ യുവതലമുറയെ ഓർമിപ്പിക്കാനുള്ള ചുമതല ഇന്നത്തെ തലമുറയ്ക്കുണ്ട്.
നെഹ്റുവിനെ ഇല്ലാതാക്കൽ എന്നത് നരേന്ദ്രമോദി സർക്കാർ ഏറ്റവും വാശിയോടെ നടപ്പാക്കിയ ഒരു പദ്ധതിയാണ്. നെഹ്റു പരിപോഷിപ്പിച്ച ജനാധിപത്യം, മതേതരത്വം,സോഷ്യലിസം, സഹിഷണുത, ശാസ്ത്രബോധം,ചേരിചേരാ നയം തുടങ്ങിയവയെ ഇല്ലാതാക്കിയാൽ അവിടെ ഫാസിസത്തിനും വർഗീയതയ്ക്കുംതേരോട്ടം നടത്താം എന്നതാണ് അവരുടെ കണക്കുകൂട്ടൽ. അടുത്തകാലത്ത് ബി.ജെ.പി.യുടെ ഒരു ഔദ്യോഗിക ജിഹ്വയിൽ വന്നലേഖനത്തിൽ എഴുതിയിരിക്കുകയാണ്, നാഥുറാംഗോഡ്സെ കൊല്ലേണ്ടിയിരുന്നത് ഗാന്ധിജിയെ ആയിരുന്നില്ല മറിച്ച് നെഹ്റുവിനെ ആയിരുന്നു എന്ന്. വലിയ വിവാദമായപ്പോൾ അവരത് തിരുത്തിയെങ്കിലും സംഘപരിവാരങ്ങളുടെ തനിനിറം പുറത്തായി.
ഗാന്ധിജിയുടെ ഭാഷയിൽ
രാഷ്ട്രപിതാവ് മഹാത്മഗാന്ധി പലപ്പോഴും പറഞ്ഞിട്ടുണ്ട്, എന്റെ ഭാഷയിലാണ് ജവഹർലാൽ നെഹ്റു സംസാരിക്കുന്നത് എന്ന്. ഗാന്ധിജി പറയുന്നു: 'ധൈര്യത്തിൽ അദ്വതീയൻ,ദേശസ്നേഹത്തിൽ അതുല്യൻ, പളുങ്കുപോലെ പരിശുദ്ധൻ, സത്യസന്ധതയിൽ ശങ്കയില്ലാത്തവൻ, അയാളുടെ കൈയിൽ ഈ രാഷ്ട്രം സുരക്ഷിതം." പ്രധാനമന്ത്രിയാകാൻ മുഹമ്മദലി ജിന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, നെഹ്റുവിന്റെ സുവ്യക്തമായ അഭിപ്രായം, ഇന്ത്യയൊരു മതേതര രാഷ്ട്രമായിരിക്കണമെന്നായിരുന്നു. ജനാധിപത്യം, മതേതരത്വം,സോഷ്യലിസം ഇതായിരുന്നു പണ്ഡിറ്റ് ജവഹർലാൽ നെഹ്റു. ഈ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ആധുനിക ഇന്ത്യയെ അദ്ദേഹം പടുത്തുയർത്തി.
ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചപ്പോൾ ഇന്ന് നമ്മുടെ ചുറ്റുംകാണുന്ന ഈ സൗഭാഗ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇന്ത്യയുടെ ആദ്യബഡ്ജറ്റ് വെറും 900കോടി രൂപയുടേതായിരുന്നു. ബ്രട്ടീഷുകാർ ചപ്പിയെറിഞ്ഞ ഒരു ചണ്ടി മാത്രമായിരുന്നു ഇന്ത്യ. ഒരു മൊട്ടുസൂചിപോലും നിർമ്മിക്കാൻ നമുക്ക് പ്രാപ്തിയില്ലായിരുന്നു. അന്ന് 50 ഗ്രാമങ്ങളിൽ മാത്രമാണ് വൈദ്യുതി ഉണ്ടായിരുന്നത്. 20 രാജാക്കൻമാർക്ക് മാത്രംഫോൺ, നാല് ഡെക്കോട്ട വിമാനങ്ങൾ, 20 ടാങ്കുകൾ. നാലുവശത്തും തുറന്ന് കിടക്കുന്ന അതിർത്തി. മൊത്തം പത്ത് ചെറുകിട അണക്കെട്ടുകൾ. 565 നാട്ടു രാജ്യങ്ങളാണന്ന് ഭാരതത്തിലുണ്ടായിരുന്നത്. അവിടെനിന്നാണ് ഇന്ത്യ ഒരു സിംഹത്തെപ്പോലെ ഉയർത്തെഴുന്നേറ്റത്.
മതേതര രാഷ്ട്രത്തിന്റെ ജനനം
ഒരു മതേതര രാഷ്ട്രമായി ഇന്ത്യയെ വളർത്തിയെടുത്തു എന്നതാണ് നെഹ്റുവിന്റെ ഏറ്റവും വലിയ സംഭാവന. ഇന്ത്യയോടൊപ്പം പിറന്ന പാകിസ്ഥാൻ മതാതിത രാഷ്ട്രമായി മാറിയപ്പോൾ, നെഹ്റുവിന്വേണമെങ്കിൽ മറ്റൊരു വഴിക്ക് ചിന്തിക്കാമായിരുന്നു. ആർഷഭാരത സംസ്കാരമുള്ള നെഹ്റു, ഗാന്ധിജിയുടെ സർവധർമ്മ സമഭാവനയുടെ അടിസ്ഥാനത്തിൽ യുറോപ്പിൽ നിന്ന് കടമെടുത്ത ആശയമാണ് മതേതരത്വം. സെക്കുലറിസം എന്ന വാക്കിന് മതേതരത്വം എന്നതിനേക്കാൾചേരുക മതനിരപേക്ഷത എന്ന വാക്കാണ്. രാഷ്ട്രത്തിന് മതമില്ല. നെഹ്റു ഒരു ദൈവവിശ്വാസി ആയിരുന്നില്ല. എല്ലാ മതങ്ങൾക്കും തുല്യഅവസരം നൽകുക, പരസ്പരം ബഹുമാനിക്കുക, പരസ്പരം ഉൾക്കൊള്ളുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഒരൊറ്റ രാജ്യം ഒരൊറ്റദേശീയത എന്നതിനേക്കാൾ, ഒരൊറ്റ രാജ്യം പലദേശീയതകൾചേരുന്ന ഇന്ത്യൻ സംസ്കാരം എന്നതിനായിരുന്നു ഊന്നൽ.
തന്റെ ചിതാഭസ്മം ഗംഗയിൽ ഒഴുക്കണമെന്ന് അദ്ദേഹം പറഞ്ഞത് മതാധിഷ്ഠിത കാഴ്ചപ്പാടോടെയായിരുന്നില്ല. അലാഹബാദിൽ ഗംഗയുടെയും യമുനയുടെയും തീരത്ത് ജനിച്ചുവളർന്ന നെഹ്റുവിന് പുഴയുടെ സംഗീതത്തിലും നീലിമയിലും നിശബ്ദതയിലും നിത്യവിശ്രമം കൊള്ളാനായിരുന്നു അത്. ഹിമവൽസാനുക്കളിലും ഇന്ത്യൻ പാടശേഖരങ്ങളിലും അദ്ദേഹം അലിഞ്ഞുചേർന്നു. ഭ്രക്രാനംഗൽ അണക്കെട്ട് ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുപറഞ്ഞു, ഇതാണ് ആധുനിക ഭാരതത്തിന്റെക്ഷേത്രം. അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ഒരു സുപ്രഭാതത്തിൽ ഒരു വിഗ്രഹം പ്രത്യക്ഷപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു, അതെടുത്ത് സരയൂ നദിയിലെറിയൂ!
സ്വതന്ത്ര ഇന്ത്യയിൽ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്തായിരുന്നുവെന്ന് നെഹ്റുവിനോട് ഫ്രഞ്ച് എഴുത്തുകാരനും പിന്നീട് അവിടത്തെ സാംസ്കാരിക മന്ത്രിയുമായ ആന്ദ്രെ മാലറാവ്ചോദിച്ചപ്പോൾ, ഒരു മതാധിപത്യ സമൂഹത്തിൽ ഒരു മതനിരപേക്ഷ സർക്കാരിന്റെ രൂപീകരണവും നടത്തിപ്പും എന്നായിരുന്നു മറുപടി. ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം പ്രാപിച്ച പല ബ്രിട്ടീഷ്കോളനി രാഷ്ട്രങ്ങളും ഏകാധിപത്യത്തിനും പട്ടാളാധിപത്യത്തിനും പാർട്ടി ആധിപത്യത്തിനും കീഴടങ്ങിയപ്പോൾ, ഇന്ത്യ അതിൽ വീഴാതിരുന്നത് നെഹ്റു പകർന്നു തന്ന ഉന്നതമായ ജനാധിപത്യബോധവും മതേതരബോധവും കൊണ്ടാണ്. ഇതു തകർത്ത് ഇന്ത്യയെ മതാതിപത്യ രാഷ്ട്രമാക്കാനാണ് സംഘപരിവാരങ്ങളുടെ ശ്രമം. അയോദ്ധ്യയിൽ രാമക്ഷേത്രം എന്ന ആവശ്യം ഉന്നയിച്ച് വീണ്ടും പ്രക്ഷോഭം ആരംഭിക്കാൻ സംഘപരിവാരങ്ങൾ തീരുമാനിച്ചിരിക്കുകയാണ്. അയോദ്ധ്യയിൽ 330കോടി രൂപ ചെലവിട്ട് രാമന്റെ കൂറ്റൻ പ്രതിമ നിർമിക്കുമെന്നു യു.പി സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു. സംസ്ഥാനങ്ങളുടെയും പ്രധാന നഗരങ്ങളുടെയും പേരുകൾ മാറ്റി പകരം ഹൈന്ദവനാമങ്ങൾ നല്കിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ.