തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് തുലാമാസ പൂജയ്‌ക്കിടെയും ചിത്തിര ആട്ടവിശേഷത്തിനിടെയും ഉണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മണ്ഡലകാലത്ത് സമവായത്തിലൂടെ കാര്യങ്ങൾ പരിഹരിക്കാൻ സർക്കാർ നീക്കം. ഇതിനായി നാളെ വൈകുന്നേരം മൂന്ന് മണിക്ക് സർവകക്ഷി യോഗം വിളിച്ചു. ഈ യോഗത്തിലെ തീരുമാനങ്ങൾ പ്രകാരമാകും ശബരിലമലയിൽ മണ്ഡലകാലത്തെ കാര്യങ്ങൾ തീരുമാനിക്കുക. നേരത്തെ സർക്കാർ ക്ഷണിച്ച ചർച്ചകളിൽ നിന്നും വിട്ടുനിന്ന പന്തളം രാജകുടുംബവും തന്ത്രി കുടുംബവും ഇത്തവണ സർവകക്ഷി യോഗത്തിന് എത്താമെന്ന് സമ്മതിച്ചിട്ടുണ്ട്. മണ്ഡലകാലത്ത് ശബരിമലയിൽ യുവതീ പ്രവേശനം അനുവദിക്കരുതെന്നാകും ഇവർ ആവശ്യപ്പെടുക.
എന്നാൽ സർവകക്ഷിയോഗത്തിൽ പങ്കെടുക്കുന്ന കാര്യം എൻ.ഡി.എ യോഗത്തിൽ ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള വ്യക്തമാക്കി. വിശ്വാസികൾക്ക് അർഹതപ്പെട്ട നീതി നൽകാൻ തയ്യാറല്ലെന്നാണ് സർക്കാരിന്റെ നിലപാട്. വിശ്വാസികളുടെ വിശ്വാസം ആർജിക്കാൻ സർക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ലെന്നും പിള്ള കുറ്റപ്പെടുത്തി. അതേസമയം, കേസിൽ സുപ്രീം കോടതിയുടെ അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കണമെന്നും തിരക്കിട്ട് യുവതികളെ പ്രവേശിപ്പിക്കരുതെന്നും കോൺഗ്രസ് അടക്കമുള്ള സംഘടനകളും യോഗത്തിൽ ആവശ്യപ്പെടുമെന്നാണ് വിവരം.
അതേസമയം, സർവകക്ഷി യോഗത്തിൽ ആരെയൊക്കെ പങ്കെടുപ്പിക്കണമെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. നിയമസഭയിൽ പ്രാതിനിധ്യമുള്ളതും ഇല്ലാത്തതുമായ രാഷ്ട്രീയ പാർട്ടികളെയും പ്രമുഖ സമുദായ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിക്കുമെന്നാണ് വിവരം.