news

ബംഗലൂരു: കർണാടകയിൽ ടിപ്പു ജയന്തി ആചരിക്കുന്നതുമായി ബന്ധപ്പെട്ട് ടിപ്പു സുൽത്താനെതിരെയും പ്രവാചകൻ മുഹമ്മദ് നബിക്കെതിരെയും വിദ്വേഷ പ്രസംഗം നടത്തിയ മാദ്ധ്യമപ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. സിദ്ധാപുര സ്വദേശി നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്ത കുറ്റം ചേർത്താണ് സന്തോഷ് തിമ്മയ്യയെ അറസ്റ്റ് ചെയ്തത്.

വലതുപക്ഷം പിന്തുണ നൽകുന്ന 'അസീമ' എന്ന മാസികയുടെ എഡിറ്ററാണ് സന്തോഷ്. പ്രവാചകൻ മുഹമ്മദ് നബിയുടെ ചിന്താഗതി പ്രകാരം ഭീകരവാദം നടത്തിയ ആളാണ് ടിപ്പു സുൽത്താനെന്ന് സന്തോഷ് പറഞ്ഞു. ഹിന്ദുത്വ സംഘടനയായ പ്രഗ്ന്യാ കാവേരി നടത്തിയ 'ടിപ്പു കരാള മുഖ അനാവരണ' എന്ന പരിപാടിയിലായിരുന്നു അദ്ദേഹം പ്രസംഗിച്ചത്. കേരളത്തിൽ നിന്ന് കൊടകിലേക്ക് കുടിയേറിപ്പാ‍ർത്ത മുസ്ലിം-ഹിന്ദു വിഭാഗത്തിനിടയിൽ ചേരിതിരിവുണ്ടാക്കി കലാപം സൃഷ്ടിക്കാനാണ് സന്തോഷ് ശ്രമിച്ചതെന്ന് സിദ്ധാപുര സ്വദേശി നൽകിയ പരാതിയിൽ പറയുന്നു.

അതേസമയം സന്തോഷിനും കൂട്ടർക്കും പരിപാടി നടത്താൻ അനുമതി നൽകിയിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. നവംബർ 6ന് പരാതി നൽകിയെങ്കിലും ടിപ്പു ജയന്തിക്ക് ശേഷം മാത്രമേ നടപടി എടുക്കാനാവൂ എന്ന് പൊലീസ് പറഞ്ഞു. സന്തോഷിന്റെ വിവാദ പരാമർശത്തെ തുടർന്ന് ഗോണിക്കുപ്പ പൊലീസ് സ്റ്റേഷനിലേക്ക് നിരവധി മുസ്ലിം സംഘടനകൾ മാർച്ച് നടത്തിയിരുന്നു.