chintha-jerome

കോഴിക്കോട്: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിൽ യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിനെതിരെ കടുത്ത വിമ‌ർശം. ചിന്ത ജെറോമിന്റെ ചെയ്‌തികൾ സംഘടനയ്‌ക്ക് നാണക്കേടുണ്ടാക്കിയെന്നാണ് പ്രധാനമായി ഉയർന്ന വിമർശം. കണ്ണൂരിൽ നിന്നുള്ള വനിതാ പ്രതിനിധിയാണ് ചിന്തയ്‌ക്കെതിരായ പരാമർശവുമായി രംഗത്തെത്തിയത്.അഭിമന്യു കൊല്ലപ്പെട്ടപ്പോൾ ഫേസ്ബുക്കിൽ കുറിപ്പിട്ടത് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക വിമർശനത്തിനിടയാക്കിയതും ചർച്ചയിൽ ചൂണ്ടിക്കാട്ടി.

ശബരിമല യുവതീപ്രവേശന വിഷയത്തിൽ കോടതി വിധി വന്നശേഷം നവംബർ അഞ്ചിന് സന്നിധാനത്ത് നടന്ന സംഭവങ്ങൾ കേരളത്തിനാകെ നാണക്കേടുണ്ടാക്കിയെന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. ശബരിമലയിൽ പൊലീസ് ആർ.എസ്.എസ് നേതൃത്വത്തിന് മുന്നിൽ കീഴടങ്ങേണ്ടി വന്നു.വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ ആർ.എസ്.എസ് പ്രവർത്തകരാണ് ശബരിമലയിലെ കാര്യങ്ങൾ നിയന്ത്രിച്ചതെന്നാണ് സോഷ്യൽ മീഡിയയിൽ ചിത്രം സഹിതം പ്രചരിച്ചത്.സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ രണ്ടാംദിവസം നടന്ന പൊതുചർച്ചയിലായിരുന്നു വിമർശം.

രണ്ടാംദിവസം ഓരോ ജില്ലയിൽനിന്നും രണ്ടുവീതം പ്രതിനിധികളാണ് പൊതുചർച്ചയിൽ പങ്കെടുത്തത്. സംഘടന റിപ്പോർട്ടിന്മേൽ നടന്ന ചർച്ചക്ക് അഖിലേന്ത്യ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസും പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചക്ക് സംസ്ഥാന സെക്രട്ടറി എം. സ്വരാജും മറുപടി നൽകി.