sabarimala-women-entry

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് സർക്കാർ നാളെ വിളിച്ചിരിക്കുന്ന സർവകക്ഷി യോഗത്തിൽ ശുഭപ്രതീക്ഷയുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്‌മകുമാർ വ്യക്തമാക്കി. കഴിഞ്ഞ തവണത്തേത് പോലെ സംഘർഷവുമായി മുന്നോട്ട് കൊണ്ടുപോകാനാവില്ല. നാളത്തെ യോഗത്തോടെ പ്രശ്‌നങ്ങൾ തീരുമെന്ന് തന്നെയാണ് പ്രതീക്ഷ. സുപ്രീം കോടതി തീരുമാനത്തിൽ ദേവസ്വം ബോർഡ് നിയമോപദേശം തേടിയിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം നാളത്തെ യോഗത്തിന് ശേഷമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ശബരിമല വിഷയത്തിൽ സർക്കാർ പിടിവാശി വെടിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. യുവതികളെ പ്രവേശിപ്പിച്ച് ശബരിമലയെ സംഘർഷ ഭൂമിയാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണം. പ്രളയാനന്തര കാലഘട്ടത്തിൽ ഒരുമിച്ച് നിൽക്കേണ്ട സമയത്ത് സംഘർഷമുണ്ടാക്കാതെ ശബരിമല വിഷയത്തിൽ നിന്നും പിന്തിരിയണം. മുഖ്യമന്ത്രി പിടിവാശി ഉപേക്ഷിക്കണം. നാളത്തെ സർവകക്ഷി യോഗത്തിൽ യു.ഡി.എഫ് പങ്കെടുക്കും. ഇപ്പോഴെങ്കിലും യോഗം വിളിച്ചത് നന്നായി. നേരത്തെ വിളിച്ചിരുന്നുവെങ്കിൽ കൂടുതൽ നന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമന്വയത്തിന്റെ പാത ഉണ്ടാക്കാനാണ് നാളത്തെ യോഗത്തെ ഉപയോഗപ്പെടുത്തേണ്ടതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.