ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനത്തിലെ പുനപരിശോധന ഹർജികൾ പരിഗണിക്കുന്ന ജനുവരി 22 വരെ ഭരണഘടനാ ബെഞ്ചിന്റെ വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കഴിഞ്ഞ ദിവസം കോടതി പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തതയില്ലെന്നും ജനുവരി 22 വരെ യുവതീ പ്രവേശനം സ്‌റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് അയ്യപ്പഭക്തന്മാരുടെ സംഘടനയ്‌ക്ക് വേണ്ടി മാത്യൂ നെടുമ്പാറയാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ജനുവരി 22ന് മുമ്പ് വാദം കേൾക്കാനാകില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഹർജി തള്ളുകയായിരുന്നു. തന്റെ വാദങ്ങൾ കേൾക്കാൻ രണ്ട് മിനിറ്റ് സമയമെങ്കിലും അനുവദിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.
ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീപ്രവേശനം അനുവദിച്ച അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യാതെ നിലനിറുത്തിക്കൊണ്ട് പുനപരിശോധനാ ഹർജികളും റിട്ട് ഹർജികളും തുറന്ന കോടതിയിൽ ജനുവരി 22ന് വാദം കേൾക്കാൻ സുപ്രീംകോടതി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. പുനപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ കേൾക്കണമെന്ന ഹർജിക്കാരുടെ ആവശ്യം അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര എന്നിവരുടെ ബെഞ്ചിന്റെ നടപടി. ഹർജികൾ തുറന്ന കോടതിയിൽ ഉചിതമായ ബെഞ്ച് കേൾക്കും. സെപ്തംബർ 28ലെ വിധിക്ക് സ്‌റ്റേ ഇല്ലെന്ന് ഉത്തരവിൽ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്