-election

ഛത്തീസ്ഘട്ട്: വോട്ട് ചെയ്തവരുടെ വിരൽ മുറിക്കുമെന്ന മാവോയിസ്റ്ര് ഭീഷണിയെ തുട‌ർന്ന് വിരലിലെ മഷി നീക്കം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് ദന്ദേവാദ ജില്ലയിലെ ജനങ്ങൾ. ആദ്യഘട്ട വോട്ടെടുപ്പ് പൂ‌ർത്തിയാകുമ്പോൾ ഭീഷണിയുടെ വക്കിലാണ് ഛത്തീസ്ഘട്ടിലെ ജനങ്ങൾ. ജീവന് ഭീഷണിയുണ്ടായിരുന്നിട്ടും നല്ലൊരു ശതമാനം ജനങ്ങൾ ഇത്തവണ വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നു.

ഭീഷണിയെ തുടർന്ന് ഇന്ദ്രാവതി നദിക്കരികിൽ സ്ഥാപിച്ചിരുന്ന ഏഴ് വോട്ടിംഗ് ബൂത്തുകൾ മാറ്റി സ്ഥാപിക്കുകയുണ്ടായി. ഇത് കാരണം വോട്ട് ചെയ്യാനെത്തിയവർക്ക് കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരികയും ചെയ്തു. ജനങ്ങൾക്ക് ഭീഷണികൂടാതെ വോട്ട് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിരുന്നുവെന്ന് പൊലിസ് പറഞ്ഞു.

ഛത്തീസ്ഘട്ടിലെ ആദ്യഘട്ട തിരഞ്ഞെടുപ്പ് നവംബർ12നാണ് നടന്നത്. ബാക്കിയുള്ള 72 നിയോജകമണ്ഡലങ്ങളിലെ വോട്ടെടുപ്പ് നവംബർ 20 ന് നടക്കും. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഡിസംബർ 11നാണ് പ്രഖ്യാപിക്കുന്നത്.