nipha

കോഴിക്കോട്: കേരളത്തെ ഭീതിയിലാഴ്‌ത്തിയ നിപരോഗത്തെ കൈമെയ് മറന്ന് പ്രതിരോധിക്കാൻ സന്നദ്ധരായവരെ സർക്കാർ കൈവിട്ടു. വാഗ്‌ദാനങ്ങൾ എല്ലാം സൗകര്യപൂർവം മറന്നു കൊണ്ട് നിപ രോഗകാലത്ത് സേവനമനുഷ്ഠിച്ച താത്‌കാലിക ജീവനക്കാരെ മുഴുവൻ സർക്കാർ പിരിച്ചുവിട്ടു. നാളെ മുതൽ 42 പേർ ജോലിക്ക് വരേണ്ടന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്.

നിപയെ പ്രതിരോധിക്കാൻ കൈകോർത്ത ഇവർക്ക് ജോലി നഷ്‌ടമാകില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കിയിരുന്നു. താത്‌കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്നായിരുന്നു വാഗ്‌ദാനം. ഇതിനായി ഒരു പട്ടികയും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വഴി സർക്കാരിന് നൽകിയിരുന്നു. ഇതിനിടയ്‌ക്കാണ് ജീവനക്കാരുടെ പിരിച്ചു വിടൽ.

ശുചീകരണ തൊഴിലാളികളും നഴ്‌സിങ് അസിസ്റ്റന്റുമാരും നഴ്‌സുമാരും ഉൾപ്പെടെയുള്ളവരാണ് തൊഴിൽരഹിതരാകുന്നത്. സേവനത്തിന് നൽകാമെന്ന് പറഞ്ഞ പ്രശസ്തിപത്രം പോലും ഇവർക്ക് നൽകിയിട്ടില്ല. നിപകാലത്ത് സേവനമനുഷ്‌ഠിച്ച സ്ഥിരം ജീവനക്കാർക്ക് ഇൻക്രിമെന്റും പ്രമോഷനും നിർലോഭം കൊടുക്കുമ്പോഴാണ് താത്‌കാലിക ജീവക്കാർ തെരുവിലിറങ്ങേണ്ടി വരുന്നത് എന്നാണ് മറ്റൊരു വിരോധാഭാസം.