kt-jaleel

കോഴിക്കോട്: ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി.ജലീലിനെതിരെ കൂടുതൽ ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് രംഗത്ത്. ബന്ധുവായ അദീബിനെ നിയമിക്കാൻ ജലീൽ നേരിട്ട് ഇടപെട്ടുവെന്നും, ഇതിന്റെ ഭാഗമായി തസ്‌തികയുടെ യോഗ്യതയിൽ മാറ്റം വരുത്താൻ മന്ത്രി വകുപ്പ് സെക്രട്ടറിക്ക് ഫയലിൽ കുറിപ്പെഴുതിയെന്നുമാണ് യൂത്ത് ലീഗ് ആരോപിക്കുന്നത്.

'2016 ജൂലായ് മാസം 28നാണ് കെ.ടി.ജലീൽ വകുപ്പ് സെക്രട്ടറി എ.ഷാജഹാൻ ഐ.എ.എസിന് യോഗ്യതയിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് നോട്ട് നൽകിയത്. എന്നാൽ 03/08/2016ൽ ഇത് മന്ത്രിസഭയിൽ ചർച്ച ചെയ്‌ത് തീരുമാനിക്കേണ്ട കാര്യമാണെന്ന് ഷാജഹാൻ കുറിപ്പെഴുതുകയായിരുന്നു. തുടർന്ന് പിറ്റേദിവസം തന്നെ ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ അധികയോഗ്യത തീരുമാനമെടുക്കാൻ മന്ത്രിസഭായോഗ തീരുമാനത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി തന്നെ വീണ്ടും കുറിപ്പെഴുതി. ഇത് ചൂണ്ടിക്കാട്ടുന്നത് തന്റെ ബന്ധുവിനെ നിയമിക്കാൻ മന്ത്രി കൃത്യമായി ഇടപെട്ടു എന്നു തന്നെയാണ്. പിന്നീട് മുഖ്യമന്ത്രി പിണറയി വിജയൻ ഫയലിൽ ഒപ്പിടുകയുമായിരുന്നു' ​​​- പി.കെ ഫിറോസ് പറഞ്ഞു.

ഇക്കാര്യത്തിൽ മുഖ്യമന്ത്രിയാണ് മറുപടി നൽകേണ്ടത്. ഇ.പി.ജയരാജനെ പേടിക്കാത്ത പിണറായി വിജയൻ എന്തിനാണ് ജലീലിനെ പേടിക്കുന്നത്. സി.പി.എമ്മിൽ അംഗത്വമില്ലെന്നുപരി ഒരു പാർട്ടിയുടെയും പിന്തുണയില്ലാത്ത ജലീലിനെ മുഖ്യമന്ത്രി ഭയക്കുന്നതെന്തിനാണെന്നും ഫിറോസ് ചോദിച്ചു.