തിരുവനന്തപുരം: വെള്ളിയാഴ്ച വൈകിട്ട് മണ്ഡലകാല പൂജയ്ക്കായി ശബരിമല നട തുറക്കാനിരിക്കെ യുവതീ പ്രവേശന കാര്യത്തിൽ സർക്കാർ നിലപാട് മയപ്പെടുത്തിയേക്കുമെന്ന് സൂചന. പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും ജനുവരി 22ന് തുറന്ന കോടതിയിൽ വാദം കേൾക്കാൻ ഇന്നലെ സുപ്രീംകോടതി തീരുമാനിച്ചതിനെ തുടർന്നാണിത്. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ഫോൺ മുഖേന ചർച്ച നടത്തിയെന്നാണ് വിവരം.
ശബരിമല വിഷയം ചർച്ച ചെയ്യാൻ നാളെ സർക്കാർ സർവക്ഷി യോഗം വിളിച്ചുചേർത്തിട്ടുണ്ട്. തന്ത്രി കുടുംബത്തെയും പന്തളം രാജകുടുംബത്തെയും സർക്കാർ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. സർവകക്ഷി യോഗം കഴിഞ്ഞ് വൈകിട്ട് മൂന്നിനാണ് ചർച്ച. സമവായ ശ്രമത്തിനാണ് സർക്കാർ ഇതിലൂടെ ശ്രമിക്കുന്നതെന്നാണ് സൂചന. മണ്ഡല - മകരവിളക്ക് കാലമായ നവംബർ 16 മുതൽ ജനുവരി 22 വരെ ശബരിമലയിൽ വൻ സുരക്ഷ ഒരുക്കുന്നത് സർക്കാരിന് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്. ഇതോടെ രണ്ടുമാസം മുഴുവൻ സർക്കാരിന് ശബരിമലയിൽ കണ്ണിലെണ്ണയൊഴിച്ച് ഇരിക്കേണ്ടിവരും. സീസൺകാലം പ്രശ്നമില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ സമവായത്തിലൂന്നിയുള്ള നിലപാടാകും സർക്കാർ സ്വീകരിക്കുക. പന്തളം കൊട്ടാരവുമായും തന്ത്രിമാരുമായും ചർച്ച നടത്തുന്നതും ഇതിന്റെ സൂചനയാണ്. നാളെ രാവിലെ 11നാണ് സർവകക്ഷിയോഗം.
അതേസമയം, നാളെ നടക്കുന്ന ചർച്ചയിൽ യു.ഡി.എഫ് നേതാക്കൾ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സർവകക്ഷി യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ളവരുടെ നിലപാട് തള്ളിയാണ് യു.ഡി.എഫ് തീരുമാനം. നേരത്തെ ഇത്തരമൊരു ആവശ്യം കോൺഗ്രസ് ഉന്നയിച്ചിരുന്നുവെങ്കിലും സർക്കാരിന്റെ നില പരുങ്ങലിൽ ആയതോടെയാണ് മുഖ്യമന്ത്രി യോഗം വിളിച്ചതെന്നാണ് മുല്ലപ്പള്ളിയുടെ ആക്ഷേപം. എന്നാൽ യോഗത്തിൽ പങ്കെടുക്കണമെന്ന് യു.ഡി.എഫ് ഘടകക്ഷികൾ നിലപാടെടുത്തു. ശബരിമലയിൽ സമാധാനത്തോടെയുള്ള തീർത്ഥാടനത്തിന് അവസരം ഒരുക്കണമെന്നായിരിക്കും യു.ഡി.എഫ് യോഗത്തിൽ ആവശ്യപ്പെടുകയെന്നാണ് വിവരം.