diabetes

ഇന്ന് ലോക പ്രമേഹ ദിനം. ഇൻസുലിൻ കണ്ടുപിടിച്ച ഡോക്ടർ ഫ്രെഡറിക് ബാറ്റിംഗിന്റെ ജന്മദിവനമാണ് ലോക പ്രമേഹദിനമായി ആചരിക്കുന്നത്. 160ൽ പരം രാജ്യങ്ങളിൽ നവംബർ 14 പ്രമേഹ ദിനമായി ആചരിക്കുന്നു. 'കുടുംബവും പ്രമേഹവും' എന്നതാണ് ഈ വർഷത്തെ പ്രമേഹദിന സന്ദേശം. ദിനംപ്രതി പ്രമേഹരോഗികളുടെ എണ്ണം കൂടിവരികയാണ്. മനുഷ്യന്റെ ആയുസിനെ കാർന്നു തിന്നുകയാണ് പ്രമേഹമെന്ന ഈ ഭീകരൻ.


രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോർമോൺ ആണ് ഇൻസുലിൻ. പാൻക്രിയാസ് ഗ്രന്ഥിയാണ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത്. ഗ്രന്ഥി ശരീരത്തിനാവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാതിരിക്കുകയോ ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ശരീരത്തിന് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹമെന്ന് വിളിക്കുന്നത്.

മനുഷ്യന്റെ ജീവിത ശൈലിതന്നെയാണ് പ്രമേഹത്തെ വിളിച്ചുവരുത്തുന്ന പ്രധാന ഘടകം. മുമ്പ് മുതിർന്നവരിലും മദ്ധ്യവയസ്‌കരിലും മാത്രം കണ്ടുവന്ന പ്രമേഹം ഇന്ന് കുട്ടികളിലും കൗമാരക്കാരിലും വ്യാപകമാകുന്നു. ഇന്ത്യയിൽ തന്നെ ഇന്ന് ഏറ്റവും കൂടുതൽ പ്രമേഹരോഗികൾ ഉള്ളത് കേരളത്തിലാണ്. എന്നാൽ, പ്രമേഹത്തെ നിയന്ത്രിക്കാൻ മരുന്നുകൊണ്ട് മാത്രം സാധിക്കുന്നതല്ല. ഇതിൽ കുടുംബാംഗങ്ങളുടെ പങ്ക് വളരെ വലുതാണ്. പ്രമേഹത്തിന്റെ ചികിത്സ കുടുംബങ്ങളിൽ നിന്നുമാണ് ആരംഭിക്കേണ്ടത്.

മൂന്ന് തരം പ്രമേഹമാണ് പ്രധാനമായും ഉള്ളത്.

 ടൈപ്പ് 1 പ്രമേഹം

ടൈപ്പ് 2 പ്രമേഹം

ഗർഭകാല പ്രമേഹം

ആഗോളപരമായി 425 ദശലക്ഷം ടൈപ്പ് 2 പ്രമേഹരോഗികളും 11 ലക്ഷം ടൈപ്പ് 1 പ്രമേഹ രോഗികളും ഉണ്ട്. കേരളത്തിൽ 30 ലക്ഷം ടൈപ്പ് 2 പ്രമേഹ രോഗികളും 5000ത്തിൽ കൂടുതൽ ടൈപ്പ് 1 പ്രമേഹരോഗികളും ഉണ്ട്.

ഓരോ പ്രമേഹ രോഗികൾക്കും അവരുടെ പ്രത്യേകതകൾ മാനിച്ചുകൊണ്ടുള്ള വ്യത്യസ്‌തമായ ചികിത്സയും വ്യായാമവും ഭക്ഷണ നിർദേശങ്ങളും ,സാങ്കേതിക വിദ്യയുമാണ് ഉപയോഗിച്ചുവരുന്നത്.

 പഞ്ചസാര ഉപേക്ഷിക്കുക

ചോറിന്റെ അളവ് കുറയ്‌ക്കുക

പച്ചക്കറികളും ഇലക്കറികളും ആഹാരത്തിൽ കൂടുതലായി ഉൾപ്പെടുത്തുക

ശീതള പാനീയങ്ങൾ,ഫാസ്‌റ്റ് ഫുഡുകൾ എന്നിവ ഒഴിവാക്കുക

കൃത്യമായുള്ള ആഹാരം, വ്യായാമം ,മരുന്ന് എന്നിവെയെല്ലാം പ്രമേഹമുള്ളവൾ ശ്രദ്ധിക്കേണ്ടതാണ്

പുകവലി പൂർണമായും ഉപേക്ഷിക്കുക

രോഗികൾക്കൊപ്പംതന്നെ കുടുംബാംഗങ്ങളും ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കുടുംബത്തിന്റെ സഹായം, സംരക്ഷണം പ്രമേഹരോഗികൾക്ക് എങ്ങനെ നൽകാമെന്നും രോഗികളെയും കുടുംബാംഗങ്ങളെയും പൊതുജനങ്ങളെയും ബോധവത്കരിക്കേണ്ട ആവശ്യം മനസിലാക്കാൻകൂടി ഈ ദിനം ഓർമ്മിപ്പിക്കുന്നു.