1. ശബരിമലയിൽ യുവതീ പ്രവേശന വിധി സ്റ്റേ ചെയ്യണം എന്ന ആവശ്യം തള്ളി സുപ്രീംകോടതി. റിവ്യൂ ഹർജികളിൽ തീരുമാനം ആകുന്നതു വരെ വിധി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത് അയ്യപ്പ വിശ്വാസികളുടെ കൂട്ടായ്മ. പുനപരിശോധനാ ഹർജികൾ നേരത്തെ പരിഗണിക്കണം എന്ന ആവശ്യവും സുപ്രീംകോടതി തള്ളി. റിവ്യൂ ഹജികൾ ജനുവരി 22ന് മാത്രമേ പരിഗണിക്കൂ എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്.
2. യുവതീ പ്രവേശനത്തിൽ നിയമോപദേശം തേടും എന്ന് ദേവസ്വം ബോർഡ്. ശബരിമലയിൽ പ്രശ്‌നം ഉണ്ടാക്കി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ല എന്ന് പ്രസിഡന്റ് എ. പത്മകുമാർ. ബോർഡിന് വേണ്ടി ചന്ദ്രോദയ് സിംഗ് ഹാജരാകും എന്നും പ്രതികരണം. അതിനിടെ, വിഷയത്തിൽ സർക്കാർ വിളിച്ച ചർച്ചയ്ക്ക് തയ്യാറെന്ന് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും. നാളെ മൂന്ന് മണിക്ക് നിശ്ചയിച്ചിരിക്കുന്ന ചർച്ചയിൽ സുപ്രീംകോടതിക്ക് വിരുദ്ധമായി മണ്ഡല കാലത്ത് ശബരിമലയിൽ യുവതീ പ്രവേശനം പാടില്ല എന്ന് ആവശ്യപ്പെടും എന്ന് പന്തളം കൊട്ടാരം പ്രതിനിധികൾ.
3. ശബരിമല വിഷയത്തിൽ സർക്കാർ പിടിവാശി ഉപേക്ഷിക്കണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിധി വന്ന സമയത്ത് സർക്കാർ എന്തുകൊണ്ട് സർവ്വകക്ഷി യോഗം വിളിച്ചില്ല എന്നും ചോദ്യം. വിഷയത്തിൽ സർക്കാരിന്റെ ധാർഷ്ട്യം ഉപേക്ഷിച്ച് ജന വികാരം മാനിക്കണം എന്നും ചെന്നിത്തല.
4. ബന്ധു നിയമന വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി യൂത്ത് ലീഗ്. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജറായി കെ.ടി അദീബിനെ നിയമിക്കാൻ മന്ത്രി കെ.ടി ജലീൽ നേരിട്ട് ഇടപെട്ടു എന്ന് ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. വിദ്യാഭ്യാസ യോഗ്യതയിൽ ഇളവ് വരുത്താൻ മന്ത്രി ഇടപെട്ടു. അധിക യോഗ്യത എന്ന് തെറ്റിദ്ധരിപ്പിച്ച് മന്ത്രിസഭയിൽ വച്ചില്ല. ഇക്കാര്യങ്ങളിൽ മുഖ്യമന്ത്രി മറുപടി പറയണം എന്നും യൂത്ത് ലീഗ്.
5. നിയമനം വിവാദമായതോടെ കെ.ടി അദീബ് ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജർ സ്ഥാനം രാജിവച്ചിരുന്നു. ബന്ധു നിയമന വിവാദത്തിൽ ജലീലിനെ സി.പി.എം തള്ളിയില്ല എങ്കിലും, ആരോപണം നിയമസഭയിൽ ചർച്ച ചെയ്യാം എന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞിട്ടുണ്ട്. തെളിവുകൾ ഉണ്ടെങ്കിൽ പ്രതിപക്ഷം പുറത്തുകൊണ്ടു വരട്ടെ. സർക്കാർ ആവശ്യത്തിന് വിശദീകരണം നൽകിയിട്ടുണ്ട് എന്നും സ്പീക്കർ പറഞ്ഞിരുന്നു.
6. നെയ്യാറ്റിൻകര കൊലക്കേസുമായി ബന്ധപ്പെട്ട് കീഴടങ്ങിയ ബിനുവിന്റെ മൊഴി പുറത്ത്. സനലിനെ കാറിനു മുന്നിൽ തള്ളിയിട്ടതിനു ശേഷം രക്ഷപ്പെട്ട ഡിവൈ.എസ്.പി ഹരികുമാർ ആദ്യം എത്തിയത് കല്ലമ്പലത്തെ വീട്ടിൽ എന്ന് പൊലീസിന് ബിനുവിന്റെ മൊഴി. തുടർന്ന് വസ്ത്രങ്ങൾ എടുത്ത് ഒളിവിൽ പോയി. ഒരിടത്തും തങ്ങാതെ കർണാടകയിലെ ധർമ്മസ്ഥൽ വരെ യാത്ര ചെയ്തു.
7. ഒളിവിൽ പോകുന്നതിനു മുൻപ് ഹരികുമാർ അഭിഭാഷകനെ കണ്ടിരുന്നു. വാഹന അപകടം ആയതിനാൽ ജാമ്യം ലഭിക്കും എന്നായിരുന്നു നിയമോപദേശം. എന്നാൽ ഭക്ഷണം കഴിക്കാതെയുള്ള തുടർ യാത്രകൾ ഡിവൈ.എസ്.പിയെ അവശനാക്കി. ജാമ്യം കിട്ടാൻ സാധ്യത ഇല്ലെന്ന വിവരത്തെ തുടർന്ന് കീഴടങ്ങാൻ തീരുമാനിച്ചാണ് കല്ലമ്പലത്തെ വീട്ടിൽ തിരിച്ചെത്തിയത്. നെയ്യാറ്റിൻകര സബ് ജയിലിലേക്ക് മാറ്റുന്നത് താങ്ങാൻ ആവില്ലെന്ന് ഡിവൈ.എസ്.പി പലപ്പോഴും പറഞ്ഞിരുന്നതായും ബിനുവിന്റെ മൊഴി.
8. അതിനിടെ, സനൽ കുമാർ വധക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കുന്നു. പ്രതി ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ കേസുമായി മുന്നോട്ടു പോകാൻ ആകാതെ വന്നതോടെ ആണ് തീരുമാനം. എന്നാൽ പ്രതിക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കിയ നെയ്യാറ്റിൻകര എസ്.ഐ, പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ നേതാവ്, മെഡിക്കൽ കോളേജ് എസ്.ഐ എന്നിവർക്ക് എതിരെ വകുപ്പുതല നടപടി ഉണ്ടാകും എന്ന് സൂചന.
9. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തു വന്നതോടെ തെലുങ്കാനയിൽ പ്രചരണം ശക്തം. മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് എതിരെ പ്രമുഖ കോൺഗ്രസ് നേതാവ് വെന്ദേരു പ്രതാപ് റെഡ്ഡി മത്സരിക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം തിങ്കളാഴ്ച അവസാനിക്കും എന്നിരിക്കെ, മറ്റ് സീറ്റുകളിൽ കൂടി എത്രയും വേഗം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കോൺഗ്രസ് നീക്കം.
10. 65 പേരുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പുറത്തു വിട്ടിട്ടുണ്ട്. ബാക്കിയുള്ള 28 മണ്ഡലങ്ങളിലേക്ക് കൂടി പാർട്ടിക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കണം. ടി.പി.സി.സി അധ്യക്ഷൻ ഉത്തംകുമാർ റെഡ്ഡി ഹുസൂറിലും ഭാര്യ പത്മാവതി റെഡ്ഡി കോഡാഡിലും ജനവിധി തേടും. കോൺഗ്രസ് നേതാവ് വന്ദേരു പ്രതാപ് റെഡ്ഡി ഗജ്ജ്വൽ മണ്ഡലത്തിൽ ചന്ദ്രശേഖര റാവുവിന് എതിരെ മത്സരിക്കും.
11. ടി.ഡി.പി 14 ഇടത്തും തെലങ്കാന ജനസമിതി എട്ടിടത്തും സി.പി.ഐ മൂന്ന് സീറ്റുകളിലും ആണ് മത്സരിക്കുക. സീറ്റ് വിതരണത്തിൽ തുടരുന്ന തർക്കം കോൺഗ്രസിന് തലവേദന സൃഷ്ടിക്കുമ്പോൾ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിൽ തെലുങ്കാന രാഷ്ട്ര സമിതി പ്രചാരണത്തിൽ ബഹുദൂരം മുന്നിലാണ്. സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തി ആകുന്നതോടെ പ്രചരണത്തിൽ ഒപ്പം എത്താം എന്നാണ് കോൺഗ്രസ് കണക്കു കൂട്ടൽ.