പത്തനംതിട്ട: പ്രതിഷേധങ്ങളും സുരക്ഷയും കണക്കിലെടുത്ത് മണ്ഡല മകരവിളക്ക് മഹോത്സവത്തിനും ശബരിമലയിൽ പഴുതടച്ച സുരക്ഷ ഏർപ്പെടുത്താൻ തീരുമാനം. കഴിഞ്ഞ രണ്ട് തവണയും നട തുറന്നപ്പോൾ പൊലീസിന് കാര്യങ്ങൾ നിയന്ത്രിക്കാൻ ആയില്ലെന്ന് വൻ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാകും സന്നിധാനത്ത് ഏർപ്പെടുത്തുക.
നാല് ഘട്ടങ്ങളിലായി 4500 പൊലീസുകാരെ വീതം ശബരിമലയിൽ വിന്യസിക്കാനാണ് തീരുമാനം. മകരവിളക്കിന് 5000 പൊലീസുകാരെ സന്നിധാനത്ത് എത്തിക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്നുമടക്കം എത്തുന്ന വനിതാ പൊലീസുകാരെ ആവശ്യമെങ്കിൽ മാത്രം സന്നിധാനത്ത് വിന്യസിക്കും. ഇല്ലെങ്കിൽ ചിത്തിര ആട്ടവിശേഷ സമയത്തേത് പോലെ അമ്പത് വയസ് കഴിഞ്ഞ വനിതാ പൊലീസുകാരെയാകും സന്നിധാനത്ത് വിന്യസിക്കുക. പമ്പ മുതല്‍ നിലയ്ക്കൽ വരെ 200 വനിതാ പൊലീസുകാരെ നിയോഗിക്കും. പൊലീസ് വിന്യാസത്തിൽ വനിത ബറ്റാലിയനെയും ഉൾപ്പെടുത്തി. 1500 വനിത പൊലീസുകാരെ മണ്ഡല, മകരവിളക്ക് കാലത്ത് ശബരിമലയിൽ വിന്യസിക്കും.
രണ്ട് ഐ.ജിമാരുടെ മേൽനോട്ടത്തിലായിരിക്കും സന്നിധാനത്തെയും പമ്പയിലെയും സുരക്ഷാക്രമീകരണങ്ങൾ നിയന്ത്രിക്കുക. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ രണ്ട് എസ്.പിമാർ വീതമുണ്ടാകും. ക്രമസമാധാനം, തിരക്ക് എന്നിവ നിയന്ത്രിക്കുന്നതിനാണ് രണ്ട് എസ്.പിമാരുടെ സേവനം. മാദ്ധ്യമ പ്രവർത്തകരെ നാളെ രാത്രി എട്ട് മണിക്ക് ശേഷമായിരിക്കും പ്രവേശിപ്പിക്കുക. ഭക്തന്മാർക്ക് പ്രവേശനം മറ്റന്നാൾ രാവിലെ 10 മണിക്ക് ശേഷമായിരിക്കും. കാൽനടയായി എത്തുന്ന ഭക്തന്മാരെയാകും ആദ്യം പ്രവേശിപ്പിക്കുക.