കൊച്ചി: പൊലീസിന്റെ ചെയ്തികളിൽ മനംമടുത്ത് കേരളം വിടാനൊരുങ്ങുകയാണ് ഒരു യുവ വനിതാ സംരംഭക. തൃപ്പൂണിത്തുറ സ്വദേശിയും എറണാകുളം വൈറ്റിലയിൽ 'ഡീഫാബ് ഇൻസ്‌റ്റൈൽ' വസ്ത്രനിർമ്മാണശാല ഉടമയുമായ പ്രിയ വർമ്മയും കുടുംബവുമാണ് മനസ് മടുത്ത് കേരളം വിടാനൊരുങ്ങുന്നത്. തനിക്കെതിരെയുണ്ടായ വധഭീഷണിയ്ക്കും സ്ഥാപനം ആക്രമിച്ചതിനും തെളിവ് സഹിതം പരാതി നൽകിയിട്ടും അത് സ്വീകരിക്കാൻ തയ്യാറാവാത്ത പാലാരിവട്ടം പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് ഇവർ.
ഒരു വർഷത്തെ നിയമപോരാട്ടം
എട്ട് വർഷം മുമ്പാണ് പനമ്പിള്ളി നഗറിൽ 'ഡീഫാബ് ഇൻ സ്‌റ്റൈൽ' എന്ന പേരിൽ വസ്ത്ര നിർമ്മാണശാല തുടങ്ങിയത്. കെട്ടിടത്തിന്റെ ലൈസൻസുമായി ബന്ധപ്പെട്ട പ്രശ്നംമൂലം ഒന്നരവർഷം മുമ്പ് സ്ഥാപനം വൈറ്റിലയിലേക്ക് മാറ്റി. സ്ഥാപനത്തിന്റെ പേരിൽ ഒരു പരസ്യബോർഡ് സ്ഥാപിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. പരസ്യബോർഡ് സമീപത്തെ സ്ഥലത്തെ മറയ്ക്കുന്ന രീതിയിലെന്ന് കാട്ടി ചിലർ കോടതിയെ സമീപിച്ച് ബോർഡ് നീക്കാൻ അനുകൂല ഉത്തരവ് വാങ്ങി. ഇതിനെതിരെ മുൻസിഫ് കോടതിയെ സമീപിച്ചെങ്കിലും നഗരസഭ അനുമതിയില്ലാത്തത് തിരിച്ചടിയായി.
അനുമതിക്കായി മാസങ്ങളോളം കൊച്ചി കോർപ്പറേഷൻ കയറിയിറങ്ങിയിട്ടും ഫലമില്ലെന്ന് തിരിച്ചറിഞ്ഞതോടെ വീണ്ടും കോടതിയെ സമീപിച്ചു. പരാതി പരിഗണിച്ച കോടതി കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയോട് വിഷയത്തിൽ ഇടപെട്ട് പരസ്യബോർഡ് സ്ഥാപിക്കാൻ അനുവാദം നൽകാനും ബോർഡ് നീക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യാനും വിധിച്ചു. അനുകൂല വിധിയെ തുടർന്ന് പരസ്യബോർഡ് സ്ഥാപിച്ചെങ്കിലും അന്ന് രാത്രിതന്നെ ചിലരെത്തി ഇത് അടിച്ച് തകർക്കാൻ ശ്രമിക്കുകയും തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
കേരളം മടുത്തു
ഏറെ ആഗ്രഹത്തോടെയാണ് നാട്ടിൽ ഒരു സ്ഥാപനം തുടങ്ങാൻ തീരുമാനിച്ചത്. എന്നാൽ, ഇന്ന് ഈ തീരുമാനം തെറ്റായെന്ന് തോന്നുന്നു. മറ്റ് സംസ്ഥാനങ്ങളിൽ ഒരു സംരംഭകയ്ക്കോ സംരംഭകനോ സർക്കാരിൽ നിന്നും ഇത്രയും ദുരിതങ്ങൾ ഉണ്ടാകില്ല. മുഖ്യമന്ത്രിക്ക് അടക്കം നൽകുന്ന പരാതിയിൽ ഇതേ അവസ്ഥ തന്നെയാണ് ഉണ്ടാകുന്നതെങ്കിൽ കേരളം വിടും. എറണാകുളത്തിന് പുറമെ കോട്ടയത്തും സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്. 150ലധികം ജീവനക്കാർ തൊഴിലെടുക്കുന്നുണ്ട്. കേസിനെ തുടർന്ന് മാനസികമായി തളർന്നു. ഭർത്താവിന്റെ പിന്തുണയോടെയാണ് നിയമനടപടിയുമായി മുന്നോട്ട് പോകുന്നത്.
ഒത്തുതീർക്കാൻ പൊലീസ്
അക്രമം നടന്ന് തൊട്ടടുത്ത ദിവസം തന്നെ സി.സി ടി.വി ദൃശ്യങ്ങളുമായി മാനേജർ പാലാരിവട്ടം പൊലീസിനെ സമീപിച്ചെങ്കിലും ഇന്നേവരെ തെളിവ് കൈപ്പറ്റാനോ മൊഴിയെടുക്കാനോ ആരുമെത്തിയില്ല. സി.സി ടി.വി ദൃശ്യങ്ങളടങ്ങിയ നിർണായക തെളിവ് പൊലീസ് നിരസിക്കുകയാണ് ചെയ്തത്. കേസ് ഒത്തുതീർപ്പാക്കാനാണ് പൊലീസ് നിർദ്ദേശിച്ചത്. എന്നാൽ, അങ്ങിനെ കേസിൽ നിന്ന് പിൻമാറാനില്ല. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കൊച്ചി റേഞ്ച് ഐ.ജിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ്. ഒപ്പം പൊലീസ് സംരക്ഷണവും ആവശ്യപ്പെടും.