ഗുരുഗ്രാം: ക്രൂരമായി പീഡിപ്പിച്ച നിലയിൽ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിലാണ് സംഭവം. വൈകുന്നേരം ജോലികഴിഞ്ഞ് തിരിച്ചത്തി വീട്ടുകാർ കുട്ടിയെ അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്ന വിവരം അറിഞ്ഞത്. തുടർന്ന് അയൽവാസികളും വീട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെ പെൺകുട്ടിയുടെ വീടിന് സമീപത്ത് നിന്നും 300മീറ്റർ മാറി ഒരു കടയോട് ചേർന്ന ചെറിയ മുറിയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച് നഗ്നമായ അവസ്ഥയിലായിരുന്നു മൃതദേഹം. പിന്നീട് പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു.
കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് പേസ്റ്റുമോർട്ടം നടത്തി മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുത്തു. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ നിന്ന് പത്ത് സെന്റിമീറ്റർ നീളമുള്ള മരക്കഷ്ണം തിരുകി കയറ്റിയ അവസ്ഥയിലായിരുന്നുവെന്ന് പോസ്റ്രുമോർട്ടം നടത്തിയ ഡോക്ടർ ദീപക് വ്യക്തമാക്കി. പെൺകുട്ടിയുടെ തലയോട് പൊട്ടിയ അവസ്ഥയിലായിരുന്നു. പീഡിപ്പിച്ച ശേഷം തലക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു.
അയൽവാസിയായ സ്ത്രീയുടെ സഹോദരനായ സുനിൽകുമാർ എന്ന ഇരുപതുകാരനാണ് പ്രതി. കഴിഞ്ഞ ആഴ്ച ജോലി ആവശ്യത്തിനായി ഇയാൾ സഹോദരിയുടെ വീട്ടിൽ എത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് പ്രതി ഒളിവിലായിരുന്നു. പ്രതിക്കെതിരെ നരഹത്യ, പോസ്കോ നിയമപ്രകാരവും വിവിധ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.