രാജസേനൻ ഫോൺ എടുത്തുനോക്കി.
ഒരു കോയിൻ ബൂത്തിലെ നമ്പർ.
സംശയത്തോടെ അറ്റന്റ് ചെയ്തു.
''ഹലോ.. ആരാ?'
''സാറ് വീട്ടിൽത്തന്നെയുണ്ടോ?'
കേട്ടത് സ്ത്രീ സ്വരം.
അയാളുടെ നെറ്റി ചുളിഞ്ഞു.
ഈ സമയത്ത് ഇത് ഏത് സ്ത്രീ?
അതും കൊയിൻ ബൂത്തിൽ നിന്ന്!
''നീ ആരാടീ?'
അയാളുടെ സ്വരമുയർന്നു.
''ആരുമാകട്ടെ വേണമെങ്കിൽ നിങ്ങൾ കൊന്ന അമ്മിണിയാണെന്ന് വിചാരിച്ചോ..'
രാജസേനൻ ഒന്നു ഞെട്ടി. എങ്കിലും പല്ലു കടിച്ചുകൊണ്ടു തിരക്കി:
''നിനക്ക് എന്തു വേണം?'
''എനിക്ക് സാറിനെ കല്യാണം കഴിക്കണം. എന്താ പറ്റുമോ?'
രാജസേനൻ സ്തബ്ധനായി.
അപ്പോൾ അവൾ വീണ്ടും തിരക്കി:
''മകന്റെ കല്യാണം ആലോചിക്കാൻ പോയിരിക്കുകയാണ്. അല്ലേ?'
രാജസേനനിൽ അടുത്ത ഞെട്ടൽ!
താൻ മൂസയോടു ഫോണിൽ പറഞ്ഞ കോഡ്! അതെങ്ങനെ ഇവളറിഞ്ഞു?'
''നീ ആരാണെന്ന് പറയെടീ..'
അയാൾ അലറി.
''പിന്നേം പിന്നേം അതുതന്നെ ചോദിക്കാതെ സാറേ.. പിന്നെ ഇങ്ങനെ പ്രഷറു കൂട്ടാതെ.. അതിരിക്കട്ടെ. മകന്റെ കല്യാണം ചുട്ടിപ്പാറയ്ക്കു മുകളിൽ വച്ചുതന്നെ നടത്തുമോ അതോ... സദ്യയ്ക്ക് എത്രകൂട്ടം പായസം കാണും?'
രാജസേനന്റെ സർവ നിയന്ത്രണവും പോയി. ഒപ്പം ഭീതിയും അയാളെ ഗ്രഹിച്ചു.
താൻ ഇവിടെ എത്തിയ കാര്യം കൃത്യമായി അവൾ അറിഞ്ഞിരിക്കുന്നു! അപ്പോൾ ഇവിടെ നടക്കുന്നത് ഒരോന്നും അവളറിയുന്നു..!
ആ ഒരു ചിന്ത വന്നതോടെ അയാൾ ഭീതിയോടെ ചുറ്റും നോക്കി.
പിന്നെ ഫോൺ ഓഫ് ചെയ്തു.
രാഹുലും സ്പാനർ മൂസയും വിക്രമനും അയാളുടെ മുഖത്തേക്കു തന്നെ നോക്കി നിൽക്കുകയായിരുന്നു.
''എന്തുപറ്റി സാറേ?' മൂസ ഉദ്വേഗത്തോടു തിരക്കി.
''ഒന്നുമില്ല. ഇവനെ തീർത്തേര്...'
മൂസ തിരിഞ്ഞ് വിക്രമന് നേർക്കു കൈ നീട്ടി. അയാൾ സുമോയിൽ നിന്ന് ഒരു വലിയ സ്പാനർ എടുത്തുകൊണ്ടു വന്നു കൊടുത്തു.
പെട്ടെന്നു വീശിയ കാറ്റിൽ പെട്രോളിന്റെ ഗന്ധം!
''ങ്‌ഹേ.. ഇതെവിടുന്നാ? നമ്മുടെ വണ്ടികൾ ഡീസലാണല്ലോ...'
മൂസ മൂക്കു വിടർത്തി.
പെട്ടെന്നു കണ്ടു.. ചുട്ടിപ്പാറയുടെ അങ്ങേയറ്റത്ത് മെഴുകുതിരി നാളം പോലെ ഒരു തീജ്വാല!
മൂന്നടി ഉയരത്തിൽ നിന്ന് അത് പാറയിലേക്കു താഴുന്നു.
പിന്നെ കാണുന്നത് മിന്നൽ വേഗത്തിൽ തീയുടെ ഓട്ടം.. തീ പിടിച്ച ഒരു കയർ വലിക്കുന്നതു പോലെ....
തീയുടെ ആ 'വര' രാജസേനന്റെ ഇന്നോവയ്ക്കു നേരെയാണ് ഓടിയത്.
''എന്റെ കാർ.. ' രാജസേനന് പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
അതിനു മുൻപ് തീ കാറിനുള്ളിലേക്കു കടന്നു.
പിന്നെ കാണുന്നത് കാറിനുള്ളിൽ ശക്തമായ വെളിച്ചം. അടുത്ത നിമിഷം ഉഗ്രസ്‌ഫോടനം...
തീപിടിച്ച ചിറകുകളായി കാറിന്റെ ഭാഗങ്ങൾ മുകളിലേക്കും പിന്നെ ചുറ്റിലും ചിതറി...
കാറിനെ ആരോ പെട്രോളിൽ കുളിപ്പിച്ചിരുന്നു എന്നു വ്യക്തം!
കാറിന്റെ തീപിടിച്ച ഒരു ടയർ അവർക്കു നേരെ മിന്നൽ വേഗത്തിൽ ഉരുണ്ടുവന്നു.
നിലവിളിച്ചുകൊണ്ട് അവർ ഓടിമാറി.
തീയുടെ ആ വൃത്തം അവരെ കടന്ന് പാറയുടെ ചരുവിലേക്കുയർന്ന് സബ് ജയിലിന്റെ ഭാഗത്തേക്കു പോയി. പാറകളിൽ തട്ടിത്തെറിച്ച് അത് സബ് ജയിലിന്റെ മതിൽക്കെട്ടിനുള്ളിൽ പതിക്കുന്നതും ഒന്നു ചാടിയുയർന്നിട്ട് വീണ്ടും വീണ് 'കുടച്ചക്രം' കണക്കെ തറയിൽ കറങ്ങുന്നതും അവർ കണ്ടു.
''മൂസേ....'
രാജസേനൻ വിലപിച്ചു.
''അപകടമാടോ..'
പറഞ്ഞതും രാജസേനൻ പിൻതിരിഞ്ഞോടി. തൊട്ടു പിന്നാലെ ശരവേഗത്തിൽ രാഹുലും...
കാർ കത്തിയെരിയുന്നതിനാൽ പാറയ്ക്കു മുകളിൽ പകൽ പോലെ വെളിച്ചം....
സബ് ജയിലിൽ അണഞ്ഞിരുന്ന ലൈറ്റുകൾ പെട്ടെന്നു തെളിഞ്ഞു.
ഗാർഡുകൾ പുറത്തേക്കു പാഞ്ഞു.
സംശയത്തോടെ അവർ കത്തിയെരിയുന്ന ടയറിലേക്കും കുന്നിൻ മുകളിലേക്കും നോക്കി.
''അണ്ണാ... പെട്ടെന്ന് തീർക്ക് ഇയാളെ..'
വിക്രമൻ, സ്പാനർ മൂസയെ നോക്കി അലറി.
എരിയുന്ന തീ മൂസയുടെ കണ്ണുകളിൽ പ്രതിഫലിക്കുന്നത് വിക്രമൻ കണ്ടു.
''ഏറ്റെടുത്ത ജോലി ഞാൻ തീർത്തിരിക്കുമെടാ.'
മൂസ ഒരു കുതിപ്പിന് അരുണാചലത്തിന്റെ നെഞ്ചിനിരുവശത്തും കാൽ കുത്തി നിന്നു. പിന്നെ ആ ശിരസ്സ് ലക്ഷ്യമാക്കി രണ്ടു കൈയും ചേർത്തുപിടിച്ച് സ്പാനർ ഓങ്ങി... (തുടരും)